vila

കിളിമാനൂർ: കിളിമാനൂർ ബി.ആർ.സി സുഭിക്ഷകേരളം പദ്ധതി വിളവെടുപ്പ് ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. പഴയ കെട്ടിടം ഷീറ്റ് മേഞ്ഞപ്പോൾ ഉപയോഗശൂന്യമായ മേച്ചിലോടുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ചട്ടികളിൽ പച്ചക്കറി നൂറുമേനി വിളയിച്ചാണ് ബി.ആർ.സി മാതൃകയായത്. ബ്ലോക്ക് പഞ്ചായത്ത് നൽകിയ പച്ചക്കറി തൈകൾ - വെണ്ട,വഴുതന,തക്കാളി, മുളക് എന്നിവയാണ് വിളവെടുത്തത്. കൃഷിയിടം കുറവായതിനാൽ സ്കൂൾ കെട്ടിടത്തിന്റെ സിമന്റ് വരാന്തയിലാണ് കൃഷിത്തോട്ടം സ്ഥാപിച്ചിരിക്കുന്നത്. ബി.ആർ.സിയിൽ എത്തുന്ന ഏവർക്കും കൗതുക കാഴ്ച്ചയാണ് ഈ മേച്ചിലോടു കൊണ്ടുള്ള പച്ചക്കറിത്തോട്ടം. സ്ഥലപരിമിതിയുണ്ടായിട്ടും ഇന്ന് ഹരിതാഭമായ ബി.ആർ.സി വിദ്യാലയങ്ങൾക്ക് ജൈവകൃഷിയുടെ സാധ്യതയുടേയും പ്രായോഗികതയുടേയും സന്ദേശം നൽകുന്നതാണ് എന്ന് എം.എൽ.എ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബി.ആർ.സി യിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിന് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സാബു വി .ആർ സ്വാഗതം പറഞ്ഞു . എ.ഇ.ഒ വി.രാജു,ഡയറ്റ് ഫാക്കൽറ്റി ഡോ.ടി.ആർ.ഷീജാകുമാരി, അദ്ധ്യാപക പരിശീലകർ,ക്ലസ്റ്റർ കോഡിനേറ്റർമാർ,റിസോഴ്സ് അദ്ധ്യാപകർ,സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ പങ്കെടുത്തു. പച്ചക്കറികൃഷി കോർഡിനേറ്റർ സ്മിത പി.കെ നന്ദി പറഞ്ഞു.