കിളിമാനൂർ: നാല് യുവാക്കൾ അപകടത്തിൽ മരിച്ച വാർത്ത കേട്ടാണ് ഇന്നലെ കാരേറ്റ് നിവാസികൾ ഉണർന്നത്.
നിയന്ത്രണംവിട്ട കാർ റോഡിന് മറുവശമുള്ള കലുങ്കിൽ ഇടിക്കുകയായിരുന്നു. കാരേറ്റ് ജംഗ്ഷന് നൂറു മീറ്റർ മാത്രം മാറിയാണ് അപകടം നടന്നത്. വൻശബ്ദം കേട്ട് എത്തിയ സമീപവാസികളും മറ്റ് യാത്രക്കാരും കാറിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നവരെയാണ് കണ്ടത്. ഡോറുകൾ ലോക്കായതിനാൽ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇവരെ ഗോകുലം മെഡിക്കൽ കോളേജിലെത്തിച്ചങ്കിലും ഒരാളുടെ ജീവൻ മാത്രമേ രക്ഷിക്കാനായുള്ളൂ. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), കടയ്‌ക്കൽ മതിര എൻ.ബി.എച്ച്.എസ് മൻസിലിൽ നവാസ് പീരു മുഹമ്മദ് (സുൽഫി, 39), കഴക്കൂട്ടം ചിതമ്പര വിളാകത്ത്ലാൽ (45), തിരുവനന്തപുരം കവടിയാർ സ്വദേശി നജീബുദ്ദീൻ (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു. സുഹൃത്തുക്കളായ ഇവർ കടയ്ക്കലുള്ള സുൽഫിയുടെ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സുൾഫിയും കഴക്കൂട്ടത്തുള്ള ബന്ധുവീട്ടിലേക്ക് ഇവർക്കൊപ്പം തിരിക്കുകയായിരുന്നു. ഗൾഫിലായിരുന്ന സുൽഫിയും നജിമുദ്ദീനും നാട്ടിലെത്തി സുഹൃത്തുക്കളുമായി ചേർന്ന് റിയൽ എസ്റ്റേറ്റും വാഹന കച്ചവടവും നടത്തുകയായിരുന്നു. സുൽഫിക്ക് തിരികെ ഗൾഫിലേക്ക് പോകാൻ വിസ റെഡിയായിരുക്കുമ്പോഴാണ് ദുരന്തം. കാരേറ്റ് - കിളിമാനൂർ റോഡിൽ കാരേറ്റ് മുതൽ പൊരുന്തമൺ വരെയുള്ള ഭാഗത്ത് അപകടങ്ങൾ പതിവാണ്.