ക്വാറന്റൈനിൽ പോകാൻ ജീവനക്കാർക്ക് നിർദ്ദേശം
നെടുമങ്ങാട്: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോ രണ്ടു ദിവസത്തേക്ക് അടച്ചിട്ടു. ഒമ്പത് ഡ്രൈവർമാരും രണ്ടു കണ്ടക്ടർമാരും ഉൾപ്പെടെ 11 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച ഡിപ്പോ അടച്ചിട്ട് അണുവിമുക്തമാക്കിയെങ്കിലും ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ കൊവിഡ് സ്ഥിരീകരിച്ച് ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണിരുന്നു. ഡ്യൂട്ടിക്കെത്തിയ 54 ജീവനക്കാർക്ക് ഇദ്ദേഹവുമായി സമ്പർക്കമുണ്ടെന്നാണ് സ്ഥിരീകരണം. തുടർന്ന് മുഴുവൻ ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ നെടുമങ്ങാട് തഹസീൽദാർ എം.കെ. അനിൽകുമാർ നിർദ്ദേശിച്ചു. അടിയന്തരമായി സർവീസ് നിറുത്തിവച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നേതാക്കളായ ആർ.വി. ഷൈജുമോൻ, കെ. ദിനേശ്കുമാർ, ബി.കെ. രാജേഷ്, എസ്.കെ. വിപിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജീവനക്കാർ താലൂക്ക് ഓഫീസിലെത്തി തഹസീൽദാർക്ക് നിവേദനം നൽകിയിരുന്നു.