covid

 ഇന്ന് സർവകക്ഷി യോഗം

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ സർക്കാർ തീരുമാനം. ഇതാലോചിക്കാൻ ഇന്ന് വൈകിട്ട് 4.30ന് സർവകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പൂർണ അടച്ചിടൽ ശാശ്വത പരിഹാരമല്ലെങ്കിലും കൈവിട്ടു പോകുന്ന സ്ഥിതിയുണ്ടായാൽ അതും വേണ്ടിവരും. വീണ്ടുമൊരു ലോക്ക് ഡൗൺ ജനങ്ങൾ എങ്ങനെ ഉൾക്കൊള്ളുമെന്നതിൽ സർക്കാരിനും ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്യും. പ്രതിപക്ഷ സമരങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ടുവയ്ക്കും. ഇന്നലെ അവലോകനയോഗത്തിൽ കളക്ടർമാരും ജില്ലാ പൊലീസ് മേധാവികളും ഓരോ ജില്ലയിലെയും ഗുരുതര സ്ഥിതി വിവരിച്ചു. 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു.

പൊലീസ് ഇടപെടും

കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ക്രമസമാധാന പാലനത്തിലേക്ക് പൊലീസ് മാറിയത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് പൊതു വിലയിരുത്തൽ. വരും ദിവസങ്ങളിൽ പൊലീസ് ഇടപെടൽ കർശനമാക്കും. പൊതുയിടങ്ങളിലെല്ലാം പൊലീസ് സാന്നിദ്ധ്യമുണ്ടാകും.

നിരീക്ഷണത്തിന് ഗസറ്റഡ് ഓഫീസർ റാങ്കിലുള്ളവർക്ക് പ്രത്യേക അധികാരം നൽകി തദ്ദേശ സ്ഥാപനങ്ങളിൽ നിയോഗിക്കാനും തീരുമാനിച്ചു.

സാമൂഹിക അകലം കർശനം

 ആൾക്കാർ അകലം പാലിക്കാതെ നിൽക്കുന്ന കടകളിൽ ഉടമകൾക്കെതിരെ കേസ്

 പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ വർദ്ധിപ്പിക്കും

 കല്യാണത്തിന് 50, ശവദാഹത്തിന് 20 ആളുകൾ മാത്രം

 ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

'നമുക്കാർക്കും പരിചിതമല്ലാത്ത സാഹചര്യമാണിത്. ഇതിനെ മറികടക്കാൻ സാദ്ധ്യമായ എല്ലാ വഴികളും സ്വീകരിക്കേണ്ടിവരും. ഇനി കാത്തുനിൽക്കാൻ സമയമില്ല.'

- മുഖ്യമന്ത്രി പിണറായി വിജയൻ

'വിവാഹ മരണാനന്തര ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ ഒഴികെ പ്രായാധിക്യവും മറ്റ് രോഗമുള്ളവരും ഒരു കാരണവശാലും പങ്കെടുക്കരുത്.'

- ഡോ.ബി.ഇക്ബാൽ

കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ