വർക്കല: കൊവിഡ് ചികിത്സയ്‌ക്കിടെ മരിച്ച വീട്ടമ്മയുടെ മൃതദേഹം 14 മണിക്കൂർ നീണ്ട തർക്കത്തിനൊടുവിൽ വർക്കല നഗരസഭാ അധികൃതർ ഏറ്റുവാങ്ങി. വർക്കല സ്വദേശി ഉഷയാണ് (58) മണ്ണന്തല മരുതൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ആറോടെ മരിച്ചത്. ആശുപത്രിയിൽ മോർച്ചറി സൗകര്യം ഇല്ലാതിരുന്നതിനാൽ മണിക്കൂറുകളോളം മൃതദേഹം വാർഡിൽ കിടത്തേണ്ടിവന്നു.ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും വർക്കല മുനിസിപ്പാലിറ്റിയും തിരുവനന്തപുരം നഗരസഭാ അധികൃതരും മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസ് അയച്ചില്ല. വർക്കല മുനിസിപ്പാലിറ്റി ഏറ്റെടുക്കണമെന്ന് തിരുവനന്തപുരം നഗരസഭയും മരണം തിരുവനന്തപുരത്തായതിനാൽ നഗരസഭ ഏറ്റെടുക്കണമെന്ന് അവരും നിലപാടെടുക്കുകയായിരുന്നു. തർക്കത്തെ തുടർന്നാണ് 13 മണിക്കൂർ മൃതദേഹം ആശുപത്രിയിൽ കിടത്തേണ്ടിവന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം വിവാദമായതോടെയാണ് വർക്കല മുനിസിപ്പാലിറ്റി അധികൃതർ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായത്. 18നാണ് ഉഷയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സർക്കാരിന്റെ കാസ്പ് പദ്ധതിക്കു കീഴിൽ ചികിത്സ നൽകുന്ന മരുതൂരിലെ സ്വകാര്യ ആശുപത്രിയലേയ്ക്ക് ഇവരെ റഫർ ചെയ്യുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്യാസ് ക്രിമിറ്റോറിയത്തിൽ സംസ്‌കരിക്കും.

മുനിസിപ്പാലിറ്റി സൗകര്യമില്ലെന്ന്

പറഞ്ഞെന്ന് ബന്ധുക്കൾ

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊതിഞ്ഞ് നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടും മോർച്ചറിയില്ലാത്ത ഈ ആശുപത്രിയിൽ നിന്ന് മാറ്റാനോ സംസ്‌കരിക്കാനോ നടപടിയുണ്ടായില്ല.സംസ്‌കാരത്തിന്റെ പ്രധാന ഉത്തരവാദിത്വമുള്ള വർക്കല മുനിസിപ്പാലിറ്റി അധികൃതർ അവിടെ സൗകര്യമില്ലെന്ന് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. രാവിലെ മുതൽ അധികൃതരെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ആശുപത്രി എം.ഡിയും അറിയിച്ചു. ഉഷയുടെ കുടുംബം വർക്കല എം.ജി.എം കോളനിയിലാണ് താമസിക്കുന്നത്.

വിവരം അറിയിച്ചത് വൈകിട്ടെന്ന്

ഇന്നലെ വൈകിട്ട് മൂന്നിന് ശേഷമാണ് വീട്ടമ്മയുടെ മരണവിവരം നഗരസഭയിൽ അറിയുന്നതെന്നാണ് വർക്കല നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് പറഞ്ഞു. എന്നാൽ വീട്ടമ്മയുടെ മേൽവിലാസമോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. വീട്ടമ്മയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാലാണ് നഗരസഭയിൽ വിവരങ്ങൾ ലഭിക്കാത്തത്. വൈകിട്ട് ആറോടെ ഇവരുടെ മകൻ നഗരസഭയുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. ഉടൻ ആംബുലൻസ് അയച്ച് മൃതദേഹം ഏറ്റുവാങ്ങിയെന്നും അലംഭാവമുണ്ടായിട്ടില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.