navarathri

പാറശാല: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കും ചെന്തിട്ടയിലേക്കുമുള്ള ഇത്തവണത്തെ നവരാത്രി വിഗ്രഹ എഴുന്നള്ളത്ത് പതിവിൽ നിന്ന് വ്യത്യസ്തമായി വാഹനത്തിൽ നടത്തും.അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ മാത്രമായിരിക്കും എഴുന്നള്ളത്തിന് സ്വീകരണം നൽകുകയെന്നും ഇന്നലെ നെയ്യാറ്റിൻകരയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിഗ്രഹ എഴുന്നള്ളത്ത് ഒക്ടോബർ 16 നാണ് സംസ്ഥാന അതിർത്തിയിൽ എത്തുക. അതിർത്തിയിൽ ഉടവാൾ കൈമാറും. തുടർന്ന് ഗാഡ് ഒഫ് ഓണർ നടക്കും. വിഗ്രഹങ്ങളെ വാഹനത്തിൽ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിക്കും. എഴുന്നള്ളത്തിനോടൊപ്പം ആന,ഘോഷയാത്ര, പൈലറ്റ് എന്നിവ ഉണ്ടായിരിക്കില്ല. ഒരു സ്ഥലങ്ങളിലും ഇറക്കി പൂജയും ആഘോഷവും ഉണ്ടാകില്ല. എഴുന്നെള്ളത്ത് ആരംഭിക്കുന്നതിന് മുൻപായി പദ്മനാഭപുരം കൊട്ടാരത്തിൽ നടക്കുന്ന കേരള പൊലിസിന്റെ ഗാഡ് ഒഫ് ഓണറും ഒഴിവാക്കി.മുൻ കരുതലിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നെത്തുന്ന പൂജാരിമാർക്കും കൂടെ വരുന്നവർക്കും കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് വേണം.എഴുന്നള്ളത്തിനെ അനുഗമിക്കുന്നവർക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ പാഴ്സൽ നൽകണം. സ്വീകരണങ്ങളും ഭക്ഷണവും വെള്ളവും വഴി നീളെ പാടില്ല. യോഗ തിരുമാനങ്ങൾ നവരാത്രി വിഗ്രഹ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട കൊട്ടാരം ഭാരവാഹികളെ അറിയിക്കും.നെയ്യാറ്റിൻകര ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ തിരുവനന്തപുരം എ.ഡി.എം ജോൺ സാമുവേൽ, കന്യാകുമാരി എ.ഡി.എം രേവതി,നെയ്യാറ്റിൻകര ഡിവൈ.എസ്.പിഅനിൽകുമാർ, തമിഴ്നാടിന്റെയും കേരളത്തിന്റെയും ദേവസ്വം കമ്മിഷണർമാർ, അയ്യപ്പസേവാ സംഘം പ്രവർത്തകർ,നവരാത്രി ആഘോഷ പ്രവർത്തകർ,കൊട്ടാരം പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ഇത്തവണത്തെ നവരാത്രി വിഗ്രഹ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം