വർക്കല: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ടൂറിസം മേഖല നിശ്ചലമാതോടെ വർക്കല പാപനാശം ബീച്ചിനോട് ചേർന്നുള്ള റിസോർട്ടുകളും കച്ചവട സ്ഥാപനങ്ങളും പ്രതിസന്ധിയിൽ. പല റിസോർട്ടുകളും ചെറുകിട സ്ഥാപനങ്ങളും സഞ്ചാരികൾ എത്താത്തതിനെ തുടർന്ന് അടച്ചുപൂട്ടി. ഇവയുടെ നടത്തിപ്പുകാരും തൊഴിലാളികളുമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയിലെ മികച്ച കടൽതീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാലാം സ്ഥാനമാണ് പാപനാശത്തിനുള്ളത്. ചിലക്കൂർ മുതൽ കാപ്പിൽ വരെ നീളുന്ന തീരമേഖലയിൽ പ്രവർത്തിച്ചിരുന്നത് ചെറുതും വലുതുമായ റിസോർട്ടുകളും ഹോം സ്റ്റേകളും കച്ചവട സ്ഥാപനങ്ങളുമുൾപ്പടെ 1500ഓളം സ്ഥാപനങ്ങളാണ്.
ടൂറിസത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന മേഖലയിലെ ഓട്ടോ, ടാക്സി തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. പലരുടെയും വാഹനവായ്പാ തിരിച്ചടവ് മുടങ്ങി. ബാങ്കിൽ നിന്ന് വായ്പയെടുത്തും വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും സ്ഥാപനങ്ങൾ തുടങ്ങിയവരാകട്ടെ കടക്കെണിയിൽപ്പെട്ട് അത്മഹത്യയുടെ നടുവിലാണ്. വിഷയത്തിൽ ടൂറിസം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും തൊഴിലാളികൾക്ക് ആശ്വാസ ധനസഹായമെങ്കിലും അനുവദിക്കാൻ തയ്യാറാകണമെന്നാണ് പൊതുവായുള്ള ആവശ്യം.
വേണ്ടത് അടിയന്തര ഇടപെടൽ
ഓരോ സീസൺ കാലത്തും ലക്ഷങ്ങളാണ് പാപനാശം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും നികുതി ഇനത്തിൽ പോലും ലഭിക്കുന്നത്. ഇതെങ്കിലും പരിഗണിച്ച് മേഖലയിൽ ഇളവുകൾ അനുവദിക്കണമെന്നാണ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്. കേന്ദ്രത്തിന്റെ അൺലോക്ക് നാല് മാർഗനിർദ്ദേശമനുസരിച്ച് പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾക്ക് വിധേയമായി ടൂറിസം മേഖല തുറന്നുനൽകിക്കഴിഞ്ഞു. ഇത്തരത്തിൽ പുതിയ സീസൺ ആരംഭിക്കുന്ന നവംബറിന് മുൻപ് കേരളത്തിനും ഇളവുകൾ നൽകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
വർക്കല ടൂറിസം മേഖല പ്രവർത്തന സജ്ജമാക്കുന്നതിനുളള നടപടികൾ സർക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പ്പെടുത്തി ഉചിതമായ നടപടികൾ സ്വീകരിക്കും.
അഡ്വ. വി.ജോയി എം.എൽ.എ