inc

കുറ്റ്യാടി: കോൺഗ്രസിലെ ഗ്രൂപ്പുപോരിലും അധികാര വടംവലിയിലും മടുത്ത് ഒരു കൂട്ടം പ്രവർത്തകർ സന്നദ്ധ സേനയ്ക്ക് രൂപം നൽകി. കോൺഗ്രസിലെ തീവ്ര വിഭാഗത്തിന്റെ നേതാവായിരുന്ന ലോകമാന്യ ബാലഗംഗാധര തിലകിന്റെ പേരിൽ കോൺഗ്രസ് ലോകമാന്യദൾ (സി.എൽ.ഡി) എന്നാണ് സംഘടനയുടെ പേര്. കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്നും ഗ്രൂപ്പിന്റെ വക്താക്കളെ മാറ്റി നിർത്തിയാകും അംഗത്വം നൽകുകയെന്നും അണിയറക്കാർ പറയുന്നു.

മതേതരത്വത്തിന് പ്രാമുഖ്യം നൽകി ആർ.എസ്.എസിനെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. തെലങ്കാനയിൽ നിന്നുള്ള ടി.സി.കെ. സിംഗാണ് ദേശീയ ചീഫ് ഓർഗനൈസർ. രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേർ അംഗത്വം എടുത്തതായി കേരളത്തിലെ ചീഫ് ഓർഗനൈസർമാരായ സി.കെ നന്ദകിഷോറും (കാസർകോട്), സി.എം രാജേന്ദ്രനും (തൃശ്ശൂർ), അയൂബ്ഖാൻ പുനലൂരും പറയുന്നു.

ഒക്ടോബറിൽ ദേശീയ-സംസ്ഥാന കമ്മിറ്റികളെ പ്രഖ്യാപിക്കും. ആർ.എസ്.എസിന് സമാനമായി കേഡർ സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുക, പ്രവർത്തകരുടെ സംരക്ഷണം ഏറ്റെടുത്ത് രാഷ്ട്രീയ പ്രതിരോധ നിര ഒരുക്കുകയുമാണ് പ്രവർത്തനം. ഇതിനായി പ്രത്യേക പരിശീലനം നൽകാൻ വിരമിച്ച സൈനികരുടെ സേവനം പ്രയോജനപ്പെടുത്തും. ഏകദേശം അഞ്ഞൂറ്റിപതിനൊന്നോളം വാട്‌സാപ്പ് ഗ്രൂപ്പുകളിലായി പതിനായിരങ്ങൾ അംഗങ്ങളായി ചേർന്നിട്ടുണ്ടെന്നാണ് ഭാരവാഹികൾ പറയുന്നത്.

സി.എൽ.ഡിയുടെ പ്രവർത്തനം കോൺഗ്രസ് ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും പി.സി.സി അദ്ധ്യക്ഷൻമാരെയും അറിയിച്ചിട്ടുണ്ടെന്നും സി.എൽ.ഡി. മീഡിയ കോ: ഓർഡിനേറ്റർ ശശിധരൻ മുല്ലേരി പറഞ്ഞു.