കുറ്റ്യാടി: കുറ്റ്യാടി നഗരത്തിലെ തിരക്ക് ഒഴിവാക്കാനായി നിർമ്മിക്കുന്ന കുറ്റ്യാടി ബൈപാസ് അലൈൻമെന്റ് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ. വലിയ പുഴ പാലത്തിനടുത്ത് നിന്നും ആരംഭിച്ച് വടകര റോഡിലെ കടേക്കച്ചാലിൽ ചേരുന്ന ബൈപാസ് ഗവ. ഹൈസ്‌കൂളിനടുത്ത പുലയൻ കണ്ടി ഭാഗത്ത് നിന്ന് വളഞ്ഞ് പോകുന്നതായാണ് അലൈൻമെന്റിൽ അടയാളപ്പെടുത്തിയത്.
ഇങ്ങനെയായാൽ വാഴയിൽ വളപ്പിൽ രാജന്റെ വീടിൽ നിന്നും നാല് മീറ്റർ മാത്രം അകലമേ ഉണ്ടാകൂ. നേരത്തെ അടയാളപ്പെടുത്തിയപ്പോൾ പന്ത്രണ്ട് മീറ്റർ ദൂരമുണ്ടായിരുന്നു. റോഡ് ഉയർത്തിയാൽ വെള്ളപൊക്കം ഉണ്ടാകുമെന്നാണ് വാദം. പൂവത്തിങ്കൽ കുഞ്ഞമ്മദ്, കല്ലാറ കുഞ്ഞമ്മദ്കുട്ടി, പുലയൻ കണ്ടിസാറ, ചെറുവോട്ട് ഹാജറ, പുതുപ്പറ്റ ആസ്യ, പുതുപ്പറ്റ സെറിനയുടെയും തെങ്ങ്, കവുങ്ങ് മറ്റ് കാർഷിക വിളകൾ കൃഷി ചെയ്യുന്ന കൃഷിഭൂമി ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ വെട്ടിമുറിക്കപെടും. നേരത്തെ മത്തത്ത് താഴതോടിനോട് ചേർന്ന ഭാഗത്താണ് സർവേ നടത്തിയത്. ഇത് പുഴയോര പ്രദേശമായതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകും. പുതിയ അലൈൻമെന്റ് പ്രകാരം പുലയൻ കണ്ടിഭാഗത്തെ വളവ് നിവർത്തിയാൽ ഭൂമി വെട്ടിമുറിക്കേണ്ടി വരില്ലെന്നും റോഡിലെ വലിയ വളവ് ഒഴിവാക്കുകയും ചെയ്യാമെന്നാണ് സ്ഥലമുടമകൾ പറയുന്നത്.