പാലോട്: ഉറ്റവരുടെ മൃതദേഹം മറവുചെയ്യാൻ മണ്ണില്ലാതെ വീടിന്റെ അടുക്കളയും ഉമ്മറവും വരെ വെട്ടിപ്പൊളിക്കാൻ വിധിയ്ക്കപ്പെട്ട അനേകം പേർ. നാടിനൊരു പൊതുശ്മശാനം വേണമെന്ന ഏറെക്കാലമായുള്ള ആവശ്യം.......
അനുഭവങ്ങൾക്കും ആവശ്യങ്ങൾക്കും അനന്തരം ജില്ലാ പഞ്ചായത്തിന്റെ കരുതലിൽ പാലോട്ട് ശാന്തികുടീരമൊരുങ്ങി. ജില്ലാപഞ്ചായത്ത് രണ്ടരക്കോടി രൂപയോളം ചിലവഴിച്ച് പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൺകോട് മുക്കാംതോടിൽ നിർമിച്ച ശാന്തികുടീരം ഉദ്ഘാടനത്തിന് ഒരുങ്ങി. നാളെ വൈകിട്ട് 55ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനാകും. ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയാകുന്ന യോഗത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
മാനവികതയുടെ പര്യായമായി തട്ടത്തുമല മാമ
ഇതു വരെ ശവമടക്ക് ഇദ്ദേഹത്തിന്റെ പറമ്പിലായിരുന്നു
മലയോര നാടിന്റെ എക്കാലത്തെയും അടിസ്ഥാന ആവശ്യമായ പൊതുശ്മശാനം യാഥാർത്ഥ്യമാകുമ്പോൾ മനസു നിറയെ നന്ദിയുമായൊരാളുണ്ട്. ഇത്തിരിപ്പോന്ന കിടപ്പാടങ്ങളിൽ അടക്കം ചെയ്യാനിടമില്ലാതെ വിഷമിച്ചവർക്ക് സ്വന്തം ഭൂമിയിലിടം നൽകി, മാനവികതയെന്ന വാക്കിനെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മനുഷ്യസ്നേഹി. എക്സ്കോളനി സ്വാമി നഗറിൽ എഴുപത്തിയഞ്ചുകാരനായ ജലാലുദ്ദീൻ എന്ന തട്ടത്തുമല മാമ.
കിളിമാനൂർ തട്ടത്തുമലയിൽ നിന്നും പാലോടിനടുത്തുള്ള എക്സ് കോളനിയിലേക്ക് താമസത്തിനെത്തിയ കാലം. ഒരുദിനം അർദ്ധരാത്രിയിൽ ഒരു സ്ത്രീയുടെ നിലവിളി കേട്ടു. പൊടുന്നനെ പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹവും മാറോടടക്കി അലറിക്കരയുന്ന സ്ത്രീയെയാണ്. കാര്യം തിരക്കിയപ്പോൾ കുഞ്ഞിന്റെ ശരീരം മറവു ചെയ്യാനിടമില്ലെന്നും കുടിലിന്റെ പിറകിൽ അടക്കം ചെയ്യാൻ സമീപത്തെ ഭൂവുടമകൾ അനുവദിക്കുന്നില്ലെന്നും അറിഞ്ഞു. ഉടൻ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കുഞ്ഞിനെ അടക്കാൻ ഇടം നൽകി. 'നിങ്ങൾക്ക് ഈ മണ്ണിൽ എവിടെ വേണമെങ്കിലും അടക്കാം. വേണ്ടിവന്നാൽ എന്റെ വീടിന്റെ ഉമ്മറത്തും. ആ അമ്മയോട് അന്നയാൾ പറഞ്ഞ മനുഷ്യത്വം മുഴങ്ങിയ വാക്കുകൾ അവിടെ അവസാനിച്ചില്ല. അക്കാലത്തും പിന്നീടും സ്വന്തമായി ഭൂമിയില്ലാത്ത നിരവധി പേരെ സംസ്കരിക്കാൻ ജലാലുദ്ദീൻ ഭൂമി നൽകി.
വിവിധ ജാതിയിലും മതത്തിലും ഉൾപെട്ട 19 പേർ തട്ടത്തുമല മാമയുടെ മണ്ണിൽ അന്തിയുറങ്ങുന്നുണ്ട്.
ഇന്ന് നാടിന്റെ പൊതു ആവശ്യം നടപ്പാക്കിയ ജില്ലാപഞ്ചായത്തിനോട് തട്ടത്തുമല മാമയ്ക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. "മരണശേഷം ആരും ഒന്നും കൊണ്ട് പോകുന്നില്ല, എന്റെ മണ്ണ്, എന്റെ പണം, എല്ലാം എന്റേതു മാത്രമാക്കുന്നതെന്തിന്?." - മാമ പറയുന്നു.