കല്ലമ്പലം: കൊവിഡ് ബാധിച്ച വൃദ്ധന്റെ മൃതദേഹം ബി. സത്യൻ എം.എൽ.എ ഇടപെട്ടതിനെ തുടർന്ന് സംസ്‌കരിച്ചു. ഒറ്റൂർ ഞായൽ കുന്നുവിളവീട്ടിൽ ശിവാനന്ദന്റെ (65) മൃതദേഹമാണ് ഇന്നലെ സംസ്‌കരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ 24നാണ് ശിവാനന്ദനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സ്രവ പരിശോധനയിൽ ശിവാനന്ദന് രോഗം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ നിരീക്ഷണത്തിലായതോടെ മൃതദേഹം സംസ്‌കരിക്കാൻ കഴിഞ്ഞില്ല. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടും നിലവിലെ അവസ്ഥയും മുൻ പഞ്ചായത്തംഗവും ആരോഗ്യ പ്രവർത്തകയുമായ ബീന ബി. സത്യൻ എം.എൽ.എയെ അറിയിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം ഒറ്റൂർ ചക്ര ഫർണിച്ചർ ഉടമ ജയിൻ സംസ്‌കാര ചെലവ് ഏറ്റെടുത്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം മനീഷ്, പാർട്ടി അംഗം ടി. ലാലു, ബന്ധുക്കൾ, ഒറ്റൂർ പ്രൈമറി ഹെൽത്ത് സെന്റർ എച്ച്.എ, ഒറ്റൂർ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. മിനു, ആരോഗ്യ പ്രവർത്തകർ എന്നിവർ മൃതദേഹം തിരുവനന്തപുരത്തെ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഓമനയാണ് ഭാര്യ. മക്കൾ: മിനി, സുര, മഞ്ജു. മരുമക്കൾ: വിജയകുമാർ, വിനീത, ഷാജി.