സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും . ഇവരുടെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം വലിയ ചർച്ച വിഷയമാണ്. വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച താരദമ്പതികൾ കൂടിയാണിവർ. താരവിവാഹം കഴിഞ്ഞ് 13 വർഷം പിന്നിടുമ്പോഴും ഇന്നും ആഷ് , അഭിഷേക് ബച്ചൻ വിവാഹമോചന കഥകൾ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ താരങ്ങൾ ഇതിനൊന്നും ചെവി കൊടുക്കാതെ കൂടുംബ ജീവിതം ആഘോഷമാക്കുകയാണ്.
അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം ഐശ്വര്യ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. സൂപ്പർ താരമായി തിളങ്ങിയ താര സുന്ദരി പിന്നീട് മികച്ച കുടുംബിനിയും അമ്മയുമാകുകയായിരുന്നു. ഐശ്വര്യയുടെ ആരാധകരിൽ ഇത് അൽപം സങ്കടം സൃഷ്ടിച്ചിരുന്നു. അഭിയത്തിന് ഇടവേള കൊടുത്തുവെങ്കിലും ഫാഷൻ വീക്കുകളിൽ നടി സജീവമായിരുന്നു. ഇപ്പോഴിതാ താൻ അഭിഷേക് ബച്ചന്റെ ഭാര്യയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് ഐശ്വര്യ റായ് ഫങ്കുവയ്ക്കുകയാണ്. ഒരു പഴയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2007 ൽ ആയിരുന്നു ഐശ്വര്യ റായ് അഭിഷേക് ബച്ചൻ വിവാഹം നടക്കുന്നത്. താരങ്ങൾക്ക് ആരാധ്യ എന്ന് പേരുള്ള ഒരു മകളുമുണ്ട്. ഇപ്പോഴിതാ മിസ് ബച്ചൻ എന്നുള്ള വിളി കേട്ട് നിശ്ചലമായി പോയ നിമിഷത്തെ കുറിച്ച് പറയുകയാണ് താരം. താൻ വിവാഹിതയാണെന്ന് സ്വയം മനസിലാക്കിയ നിമിഷം കൂടിയായിരുന്നെന്നും ഐശ്വര്യ പറയുന്നു. താരസുന്ദരി തന്നെയാണ് ഹണിമൂണിനിടെയുണ്ടായ ഈ രസകരമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.ബോറ ബോറയിലായിരുന്നു ഞങ്ങളുടെ ഹണിമൂൺ. അവിടെ എത്തിയപ്പോൾ യാത്രാ കപ്പലിലെ ജോലിക്കാരൻ മിസിസ് ബച്ചൻ എന്നാണ് അഭിസംബോധന ചെയ്തത്. ഇത് കേട്ടയുടനെ ഞാനും അഭിഷേകും പരസ്പരം നോക്കി ചിരിച്ചു. ആളുടെ മിസിസ് ബച്ചൻ എന്നുള്ള സംബോധന എന്നെ വളരെയധികം ചിന്തിപ്പിച്ചു. "ഞാൻ വിവാഹിതയാണ്. അഭിഷേകിന്റെ ഭാര്യയാണ്..." ഐശ്വര്യ റായ് അഭിമുഖത്തിൽ പറയുന്നു. ദേശീയമാദ്ധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു. താൻ ഒരു നടൻ ആകുന്നതിന് മുൻപ് തന്നെ ഐശ്വര്യയെ തനിക്ക് അറിയാമായിരുന്നു. താരാജാഡ അൽപം പോലും ഇല്ലാത്ത വ്യക്തിയാണ് ഐശ്വര്യ. എന്നാൽ നടിയെ കുറിച്ച് നിരവധി കഥകൾ കേട്ടിരുന്നു. എന്നാൽ അങ്ങനെയൊന്നും ആയിരുന്നില്ല. വളരെ വിനീതയായ, സാധരണക്കാരിയായ ഒരു വ്യക്തിയാണ് ഐശ്വര്യ. നടിയെ അടുത്ത് അറിയാവുന്നവർക്ക് ഇത് അറിയാമെന്നും അഭിഷേക് അഭിമുഖത്തിൽ പറയുന്നു. ആദ്യം പ്രണയാഭ്യർത്ഥന നടത്തിയതിനെ കുറിച്ചും അഭിഷേക് അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രണയത്തിലാകും മുൻപ് തന്നെ തങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ആരാണ് ആദ്യം പ്രണയിച്ച് തുടങ്ങിയതെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. ഇതിന് ഉത്തരം നൽകണമെങ്കിൽ ഐശ്വര്യയോട് ചോദിക്കേണ്ടി വരും. എന്നാൽ ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു ഇരുവർക്കും ഇഷ്ടമാണെന്ന് അഭിഷേക് ബച്ചൻ പറയുന്നു.