congress-office-kerala

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനം ബെന്നി ബെഹനാനും കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷ സ്ഥാനം കെ. മുരളീധരനും രാജിവച്ചതിനു പിന്നാലെ പാർട്ടി പുനഃസംഘടനയെ ചൊല്ലി രൂക്ഷമാകുന്ന മുറുമുറുപ്പുകൾ അവസാനിപ്പിക്കാൻ നേതാക്കൾ ശ്രമം തുടങ്ങി. പുതിയ വിവാദം തിരഞ്ഞെടുപ്പുകളിലേക്ക് വരെ നീളാൻ സാദ്ധ്യതയുണ്ടെന്ന ആശങ്ക കോൺഗ്രസിലും യു.ഡി.എഫിലുമുണ്ട്.

രാജി പ്രഖ്യാപനത്തോടെ തർക്കങ്ങൾക്ക് തുടക്കമിട്ട കെ. മുരളീധരന്റെ നീക്കങ്ങൾക്ക് തടയിടാനാണ് നേതാക്കളുടെ ഇടപെടൽ. ഇന്നലെ കെ.പി.സി.സി സെക്രട്ടറിമാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ, പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ലെന്ന മുരളീധരന്റെ അഭിപ്രായത്തെ മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് തള്ളി. ഏതു ചർച്ചയ്ക്കും തയ്യാറായ നേതൃത്വമാണിപ്പോഴുള്ളതെന്നും പരാതിക്കാർ ഇനി വന്നാലും ചർച്ച ചെയ്ത് പരിഹരിക്കാനാകുമെന്നും രമേശ് ചെന്നിത്തല പറ‌ഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് പരമാവധി എല്ലാവരുമായും ചർച്ച ചെയ്താണ് പുനഃസംഘടന പൂർത്തിയാക്കിയത്. പരാതികൾ സ്വാഭാവികം. മുല്ലപ്പള്ളിക്ക് ഉമ്മൻചാണ്ടിയും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
എല്ലാവരുമായും ചർച്ച ചെയ്താണ് തീരുമാനമെടുക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. പുനഃസംഘടന നീണ്ടതിൽ ദുഃഖമുണ്ട്. കോൺഗ്രസ് പോലൊരു പാർട്ടിയിൽ അത് അനായാസേന പറ്റില്ല. അർഹരായവരെയെല്ലാം ഉൾപ്പെടുത്താനായില്ല. എണ്ണം കൂടാൻ പാടില്ലെന്നായിരുന്നു എന്റെ നിലപാട്. എന്നാൽ ഇന്നത്തെ കാലത്ത് എണ്ണം കൂട്ടാതെ പുനഃസംഘടന സാദ്ധ്യമല്ല. എണ്ണം കൂടിയതുകൊണ്ട് പ്രവർത്തനത്തെ അത് ബാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 വർക്കിംഗ് പ്രസിഡന്റുമാർക്ക് മേലും രാജി സമ്മർദ്ദം

അതേസമയം, ബെന്നിയുടെയും മുരളിയുടെയും രാജി ഒരാൾക്ക് ഒരു പദവി മാനദണ്ഡം കർക്കശമാക്കുന്നതിനുള്ള തുറുപ്പുചീട്ടായി മാറ്റാൻ ഗ്രൂപ്പ് മാനേജർമാരും ശ്രമമാരംഭിച്ചു. എം.പിമാരും വർക്കിംഗ് പ്രസിഡന്റുമാരുമായ കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും മേലാണ് സമ്മർദ്ദം കനപ്പിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിനോട് എ ഗ്രൂപ്പ് നേതൃത്വം ഇക്കാര്യത്തിലെ വികാരം കൈമാറിയതായാണ് വിവരം.

 എം.പി സ്ഥാനം വേണ്ട എം.എൽ.എ മതി!

കേന്ദ്രത്തിൽ ഭരണമില്ലാത്തതിനാൽ റോളില്ലാതായ കോൺഗ്രസ് എം.പിമാരിൽ പലരും തിരിച്ചെത്തി നിയമസഭയിലേക്ക് മത്സരിക്കാൻ നീക്കമാരംഭിച്ചിട്ടുണ്ട്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് മടങ്ങിയതിന്റെ ചുവടുപിടിച്ചാണ് നീക്കം. എം.എൽ.എ സ്ഥാനം രാജിവച്ച് പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചവരാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരേറെയും. അത്തരം നീക്കങ്ങൾ യു.ഡി.എഫിന്റെ സാദ്ധ്യതകളെ ബാധിക്കുമെന്ന സൂചന മുല്ലപ്പള്ളി ഹൈക്കമാൻഡിന് കൈമാറിയതായുമറിയുന്നു. വിവാദങ്ങൾ അതിന്റെ പ്രതിഫലനമാണെന്ന വിലയിരുത്തലും കോൺഗ്രസിനകത്ത് ശക്തം.