വർക്കല: കൊവിഡ് ബാധിച്ച് മരിച്ച വർക്കല സ്വദേശി ഉഷയുടെ മൃതദേഹം ഇന്നലെ രാവിലെ 11.30ഓടെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്യാസ് ക്രിമിറ്റോറിയത്തിൽ സംസ്‌കരിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷെറിൻ, സതീഷ്, അരുൺ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9ന് ക്രിമിറ്റോറിയത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. ഉഷയുടെ മകൻ സജുവും മൂന്ന് ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. സംസ്‌കാരത്തിന്റെ മുഴുവൻ ചെലവും വർക്കല നഗരസഭ വഹിച്ചു. തിരുവനന്തപുരം മണ്ണന്തലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഉഷയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് നഗരസഭ അനാസ്ഥകാണിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സണും വൈസ് ചെയർമാനും പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിൽ ഉഷ മരിച്ചത്. എന്നാൽ വൈകിട്ട് 3.30നാണ് ആശുപത്രി അധികൃതർ വർക്കല നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷെറിനെ വിവരം അറിയിച്ചത്. ഉടൻ തിരുവനന്തപുരം കോർപ്പറേഷന് ഇ - മെയിലിലൂടെ വിവരം കൈമാറുകയും ശാന്തികവാടത്തിൽ സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ വൈകിട്ട് 4ന് ശേഷം മറ്റു രണ്ട് സംസ്‌കാരങ്ങൾ നടത്താനുള്ളതുകൊണ്ട് ചൊവ്വാഴ്ച മാത്രമെ സംസ്‌കരിക്കാൻ കഴിയൂവെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഉടൻ സ്വകാര്യആശുപത്രിയിൽ രണ്ട് ജെ.എച്ച്.ഐമാരുടെ നേതൃത്വത്തിൽ ആംബുലൻസ് എത്തി. രാത്രി 8.30ഓടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചെന്നും ഇവർ പറഞ്ഞു.