നെടുമങ്ങാട് :ആതുര സേവന പാതയിൽ നൂറു വർഷം തികച്ച നെടുമങ്ങാട് ഗവ.ജില്ലാ ആശുപത്രിയിൽ ശതാബ്ദി സമ്മാനമായി ഐ.സി യൂണിറ്റ് ആരംഭിച്ചു. ശതാബ്ദി ആഘോഷവും ഐ.സി യൂണിറ്റ് ഉദ്ഘാടനവും മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിച്ചു. ശതാബ്ദി സ്മാരകമായി ജില്ലാപഞ്ചായത്ത് നിർമ്മിക്കുന്ന മൂന്ന് നില മന്ദിരത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനും, എം.എൽ. എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു നിർമ്മിക്കുന്ന ഇരുനില മന്ദിരത്തിന് സി.ദിവാകരനും തറക്കല്ലിട്ടു. നവീകരിച്ച പുതിയ ഓഫീസ് ബ്ലോക്ക്, കൊട്ടാരം വാർഡ് എന്നിവ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും പുതിയ പാലിയേറ്റീവ് വാർഡ് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജാ ബീഗം,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.എം. റാസി, വൈ.വി. ശോഭകുമാർ, എൽ.പി. മായാദേവി, വിജുമോഹൻ, ആനാട് ജയൻ, ഉഷാകുമാരി,നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ, വാർഡ് കൗൺസിലർ ടി.അർജുനൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയ് തോമസ്, ഡി.എം.ഒ ഷിനു കെ.എസ്,ഡി.പി.ഒ അരുൺ പി.വി,സൂപ്രണ്ട് ശില്പാ തോമസ് തുടങ്ങിയവർ പങ്കെടുത്തു.