തിരുവനന്തപുരം: നാല്പതാം വയസിൽ മരണത്തിലേക്ക് പറന്നു പോയ തുമ്പി ഗവേഷകൻ സി. ജി കിരണിന്റെ സ്മാരകമായി ഒരു തുമ്പി ഇനി പാറപ്പിറക്കും -കിരണി ചേരാച്ചിറകൻ എന്ന പേരിൽ. ശാസ്ത്ര നാമം പ്ലാറ്റിലെസ്റ്റസ് കിരണി.
കണ്ണൂരിലെ ചെറുകുന്ന്-കണ്ണപുരം തണ്ണീർത്തടങ്ങളിൽ കണ്ടെത്തിയ പുതിയ തരം തുമ്പിക്കാണ് കിരണിന്റെ പേരിട്ടത്.
'പൊന്മുടി നിഴൽ തുമ്പി' എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തിയ കിരൺ മൂന്ന് വർഷം മുൻപാണ് അന്തരിച്ചത്. തിട്ടമംഗലം സ്വദേശിയായിരുന്ന സി. ജി. കിരൺ 'കേരളത്തിലെ തുമ്പികൾ ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
കിരണി ചേരാച്ചിറകൻ
കേരളത്തിലെ 172 ഇനം തുമ്പികളുടെ കൂട്ടത്തിലേക്കാണ് കിരണി ചേരാച്ചിറകൻ എന്ന എത്തുന്നത്. കാക്കികലർന്ന പച്ചനിറമുള്ള തുമ്പിയുടെ മുതുകിലെ കറുത്ത കലകളാണ് പ്രത്യേകത. പ്ലാറ്റിലെസ്റ്റസ് ചേരാച്ചിറകൻ വിഭാഗത്തിൽ ഇന്ത്യയിൽ തന്നെ രണ്ടാമത്തെ ഇനത്തെയാണ് കണ്ടെത്തിയത്. സുവോളജിക്കൽ സർവേ ഒാഫ് ഇന്ത്യ കൊൽക്കത്ത കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. കെ.ജി.എമിലിയമ്മ, പുനെ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കോഴിക്കോട് കേന്ദ്രത്തിലെ സി.ചരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. അന്താരാഷ്ട്ര ജേണലായ ത്രെട്ടൻഡ് ടാക്സായുടെ (Threatend Taxa) പുതിയ ലക്കത്തിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
---------------