കാസർകോട്: തലവളരുന്ന അസുഖവുമായി ഭൂമിയിൽ പിറന്നുവീണ ബദിയടുക്ക ഫിലിംതടുക്ക് കോളനിയിലെ സുന്ദര-പാർവതി ദമ്പതികളുടെ മകൻ നവജിത്ത് ആരെയും കാത്തുനിൽക്കാതെ മറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതനായ നവജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് വിട്ടുപോയത്. തല വളരുന്ന അസുഖവുമായി എൻഡോസൾഫാൻ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന കുട്ടിയെ ഒരു മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയിൽ നിറഞ്ഞ വെള്ളം കുത്തി എടുക്കുന്നതിനു വേണ്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ പ്രതിഭാസത്തെ കുറിച്ച് മെഡിക്കൽ വിദഗ്ദ്ധർക്ക് എത്തുംപിടിയും കിട്ടിയില്ലെങ്കിലും കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രി ഐ.സി.യുവിൽ ജീവൻ നിലനിർത്താൻ പാടുപെടുകയായിരുന്നു. സദാസമയം കരയുകയും ഉറങ്ങാതെ എപ്പോഴും അസ്വസ്ഥനാകുകയും ചെയ്തുകൊണ്ടിരുന്ന നവജിത്ത് എല്ലാവർക്കും വേദനിക്കുന്ന ഓർമ്മയായിരുന്നു. നവജിത്തിന്റെ മരണം കാസർകോടിന് ആവശ്യമായ ആധുനിക ചികിത്സാ സൗകര്യങ്ങളുടെ പോരായ്മകൾ ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുകയാണ്.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തതിന്റെ ബലിയാടാണ് ബദിയടുക്കയിലെ നവജിത്ത്. ഇതുപോലെ ഇനിയും എത്രപേരുടെ ജീവൻ നൽകിയാലാണ് അധികൃതർ കണ്ണുതുറക്കുക
അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ (എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി)