തിരുവനന്തപുരം: ഒരു രാത്രിനീണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ് വെളിപ്പെടുത്തിയ മാവോയിസ്റ്റ് സി.പി. ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇതോടെ മാവോയിസ്റ്റ് കൊലകൾ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായി.
രോഗബാധിതരായവരെ പിടികൂടി കൊലപ്പെടുത്തുകയാണെന്നും ബന്ധുക്കളെ ഉപയോഗിച്ച് കെണിവച്ച ശേഷം പിന്നിലൂടെ വെടിവച്ചെന്നുമാണ് തണ്ടർബോൾട്ടിനെതിരായ ആരോപണം. അതിനിടെ മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്ന് സി.പി.ഐ നേതാവ് ബിനോയ്‌വിശ്വം തുറന്നടിച്ചു.
മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്രസർക്കാർ 580 കോടി അനുവദിച്ചതിന് പിന്നാലെയാണ് ജലീലടക്കം ഏഴ് മാവോയിസ്റ്റുകൾ നാല് വർഷത്തിനിടെ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സെൻട്രൽകമ്മിറ്റിയംഗം കുപ്പുദേവരാജും സഹായി അജിതയും കൊല്ലപ്പെട്ട നിലമ്പൂരിലെ ഏറ്റുമുട്ടലിൽ സംശയമുന്നയിച്ചത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനായിരുന്നു. കേന്ദ്രഫണ്ട് നേടിയെടുക്കാനാണ് ഏറ്റുമുട്ടൽ കൊലകളെന്നാണ് ആക്ഷേപം.
മാവോയിസ്റ്റുകളെ പിടിച്ചശേഷം തലയ്ക്ക് വെടിവച്ച് വീഴ്‌ത്തുകയാണെന്നാണ് പ്രധാന ആരോപണം. മുൻ എസ്.എഫ്.ഐ നേതാവായ ജലീലും തലയ്ക്കുപിന്നിൽ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. എത്ര ദൂരത്തുനിന്നാണ് വെടിവച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്.
അതേസമയം ആരോപണങ്ങൾ പൊലീസ് തള്ളി. സ്ഥലത്തെ വൃക്ഷങ്ങളിൽ പൊലീസിന്റെയും മാവോയിസ്റ്റുകളുടെയും തോക്കുകളിലെ ബുള്ളറ്റുകൾ കണ്ടെടുത്തതിനാൽ വ്യാജ ഏറ്റുമുട്ടലല്ലെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകളുടെ ക്യാമ്പിൽ നിന്ന് എ.കെ.47അടക്കം 50തോക്കുകൾ പിടിച്ചെടുത്തു. അഗളിയിലും മലപ്പുറത്ത് പൂക്കോട്ടുപാടത്തും പൊലീസിനുനെരെ മുമ്പ് വെടിവയ്പ്പുണ്ടായിട്ടുണ്ടെന്നും കൊല്ലുകയാണ് ലക്ഷ്യമെങ്കിൽ അപ്പോഴെല്ലാം ആകാമായിരുന്നെന്നും പൊലീസ് പറയുന്നു.
കുപ്പുവിന്റെ മകളെ ഇരയാക്കി
തമിഴ്നാട്ടിൽ വിദ്യാർത്ഥിയായ മകളെ കെണിയാക്കി കുപ്പുദേവരാജിനെ ജീവനോടെ പിടികൂടാനായിരുന്നു പൊലീസ് പദ്ധതിയിട്ടതെങ്കിലും ദേവരാജിന്റെ ഉറ്റസഹായികളായ ചിന്നരമേശ്, സതീശ്, രാജു എന്നിവരെ അറസ്റ്റ് ചെയ്തതോടെ ഇത് പൊളിഞ്ഞു. മകളെ ദേവരാജിനരികിൽ എത്തിച്ചിരുന്നത് ഇവരായിരുന്നു. നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് ദേവരാജ് കൊല്ലപ്പെട്ടത്.
പൊലീസ് പറഞ്ഞത്
പുലർച്ചെ വരെ നീണ്ട ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത്.
ഒമ്പത് മാവോയിസ്റ്റുകളുമായാണ് ജലീൽ വൈത്തിരിയിലെ റിസോർട്ടിലെത്തിയത്. ഇവരെല്ലാം വെടിവച്ചു. ആരെയും പിടിക്കാനായില്ല
ജലീലിൽ നിന്ന് ടർപഞ്ചർ എന്ന നാടൻതോക്ക് കണ്ടെത്തി. ഇതിൽ ഒരുസമയം ഒരു വെടിയുണ്ടയേ ഉപയോഗിക്കാനാവൂ, എട്ട് തിരകൾ കണ്ടെത്തി.
സ്‌ഫോടകവസ്തുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് ജലീലിന്റെ ഇൻക്വസ്റ്റ് വൈകിപ്പിച്ചത്.