തിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് മിഷൻ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ ഇടതുമുന്നണി.
സ്വർണക്കടത്ത് കേസിലുൾപ്പെടെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം, അന്വേഷണം സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ഉപകരണമാക്കുന്നുവെന്നാണ് സി.പി.എം, സി.പി.ഐ നേതൃത്വങ്ങളുടെ പരസ്യ നിലപാട്. ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ അന്വേഷണം കൂടി വന്നതോടെ, ഇത് ഇടത് സർക്കാരിനെ തകർക്കാനുള്ള കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യമാണെന്ന വികാരമാണ് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിലുമുണ്ടായത്.
കേരളത്തിൽ യു.ഡി.എഫും, ബി.ജെ.പിയും ഒരുമിച്ച് പരിശ്രമിച്ച് കേന്ദ്ര ഏജൻസികളെ ഇറക്കി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിടുകയാണെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ പിന്നീട് വാർത്താലേഖകരോട് പറഞ്ഞു. സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച് ജനങ്ങളുടെ വിശ്വാസമാർജിച്ചു. കേന്ദ്ര ഏജൻസികളെ എത്തിച്ച് പ്രതിപക്ഷ സമരത്തെ സഹായിക്കുന്നത് വികസന മുന്നേറ്റത്തിനെതിരാണ്. കേന്ദ്ര ഏജൻസികളുടെ തെറ്റായ നടപടിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. നിയമവിരുദ്ധ പ്രവർത്തനം നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിൽ തുറന്ന സമീപനമാണ് സർക്കാരിന്. എന്നാൽ, കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം, രാഷ്ട്രീയ താല്പര്യം വർദ്ധിച്ചു. സർക്കാർ അർപ്പിച്ച വിശ്വാസ്യതയോട് ഏജൻസികൾ നീതി പുലർത്തിയില്ല.
കേന്ദ്ര ഏജൻസികളുടെ തെറ്റായ ഇടപെടൽ കേരള താല്പര്യത്തിനെതിരും, നാലര വർഷക്കാലം സംസ്ഥാനത്തുണ്ടായ പൊതുമുന്നേറ്റത്തിന്റെ പൂർത്തീകരണം തടയുന്നതുമാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി പ്രവർത്തനം കരാറുകാരൻ നിറുത്തി. കോൺഗ്രസ് എം.പിമാരാണ് കേന്ദ്ര ഏജൻസിക്ക് കത്തയയ്ക്കുന്നത്. രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും രക്ഷകർ അമിത്ഷായും മോദിയുമാണ്. സി.ബി.ഐയുടെ പ്രവർത്തനം സംസ്ഥാനത്ത് നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണോയെന്നത് കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും. വ്യവസ്ഥാപിതമായ കാര്യമേ സർക്കാർ പരിഗണിക്കൂ. നിയമപരമായി എല്ലാ കേന്ദ്ര ഏജൻസികൾക്കും പ്രവർത്തിക്കാമെന്നും വിജയരാഘവൻ പറഞ്ഞു.