തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് രണ്ട് താലൂക്കുകളിൽ. തിരുവനന്തപുരം, നെയ്യാറ്റിൻകര. ഇവിടങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് വളരെ ഉയർന്നാണ് നിൽക്കുന്നത്. രണ്ടിടത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം ശമനില്ലാതെ തുടരുന്നത് ജില്ലാഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10,000ലേക്ക് കടന്നിരിക്കുകയാണ്. 10,405 പേരാണ് ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളത്.
ഒരു മാസത്തിനിടെയാണ് തലസ്ഥാനത്തെ രോഗികളിൽ ഇത്രയേറെ വർദ്ധനയുണ്ടായത്. കഴിഞ്ഞ മാസം 8963 കേസുകളായിരുന്നത് ഒരു മാസം കൊണ്ട് 32,560ൽ എത്തിയിട്ടുണ്ട്. ഇക്കാലയളവിൽ മരണസംഖ്യ 33 ൽ നിന്ന് 217ലേക്കും എത്തി.
സെപ്തംബർ അവസാനത്തോടെ ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 8000 ആകുമെന്നാണ് ജില്ലാഭരണകൂടം കണക്കാക്കിയിരുന്നത്. അതിനനുസരിച്ചുള്ള കർമ്മപദ്ധതികളും ജില്ലാഭരണകൂടം തയ്യാറാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ തന്നെ രോഗികളുടെ എണ്ണം 10,000 കവിഞ്ഞിട്ടുണ്ട്. അയ്യായിരത്തോളം പേർ വീടുകളിലും 3000 പേർ കൊവിഡ് ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ശേഷിക്കുന്നവർ ആശുപത്രികളിലും ചികിത്സയിലുണ്ട്.
തയ്യാറായി ജില്ലാഭരണകൂടം
കൊവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാന ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ 30 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. അതിനാൽ തന്നെ ആശുപത്രികളിൽ സൗകര്യങ്ങൾ കൂട്ടേണ്ടിവരും. നിലവിൽ ജില്ലയിൽ 360 ഐ.സി.യുകളും 77 വെന്റിലേറ്ററുകളുമാണുള്ളത്. എന്നാൽ, നിലവിൽ ജില്ലയിലെ സ്ഥിതി അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിട്ടില്ലെന്ന ആശ്വാസം ജില്ലാഭരണകൂടത്തിനുണ്ട്. ഇതുകൂടി കണക്കിലെടുത്തുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനാണ് ജില്ലാഭരണകൂടം ശ്രമിക്കുന്നത്.