തിരുവനന്തപുരം: കൊവിഡ് രോഗികൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാറുകൾ ഉടൻ തുറക്കാനിടയില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇവ പ്രവർത്തിക്കുന്നതിനാൽ ഇവിടെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ബാറുടമകളുടെ സംഘടനയും ഇക്കാര്യം ഉന്നയിച്ചിരുന്നു. ബാറുകളുടെ പാഴ്സൽ കൗണ്ടറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും വലിയ ക്യൂവാണ്. ഇത് നിയന്ത്രിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ബാറുകളിൽ മദ്യപിക്കാൻ അവസരം നൽകുന്നത് രോഗവ്യാപനത്തിന് ഇടവരുത്തുമെന്നാണ് കരുതുന്നത്. മദ്യലഹരിയിൽ നിയന്ത്രണങ്ങൾ പാലിക്കാതെ വരും. ഒരു ടേബിളിൽ രണ്ടുപേർക്ക് സീറ്റൊരുക്കണമെന്നതടക്കമുള്ള നിർദ്ദേശമാണ് എക്സൈസ് മുന്നോട്ടുവച്ചത്.