മണ്ണുത്തി: തൃശുർ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്നുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. 500ഓളം നൈട്രോസെപാം ഗുളികകളാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ. പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശുർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.ആർ ഹരിനന്ദനന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മുകുന്ദപുരം താലൂക്ക് കല്ലൂർ കൊല്ലക്കുന്ന് കുന്നൻവീട്ടിൽ ബെന്നി മകൻ സയോൺ (26), തൃശുർ മുളയം ചിറ്റേടത്ത് വീട്ടിൽ ആന്റണി മകൻ ബോണി (20)​ എന്നിവരാണ് അറസ്റ്റിലായത്.

തൃശുർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി.എ. സലിം പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് മയക്കുമരുന്നുകളെല്ലാം തൃശുരിലെ പ്രമുഖ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഷോപ്പിൽ നിന്നും ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാണ് വാങ്ങിയിട്ടുള്ളതാണെന്ന് എക്‌സൈസ് കണ്ടെത്തി. ഒരു ഗുളിക 50 രുപ മുതൽ 200 രുരൂപ വരെ വിലയ്ക്കാണ് പ്രതികൾ വിൽക്കുന്നത്. ദിവസവും നിരവധി പേരാണ് മയക്കുമരുന്ന് ആവശ്യപ്പെട്ട് ഇവരെ ബന്ധപ്പെടുന്നതെന്നും എക്‌സൈസ് പറഞ്ഞു.

പ്രതികൾ മയക്കുമരുന്ന് വാങ്ങിയ സ്ഥാപനങ്ങളെപ്പറ്റി എക്‌സൈസ് വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രീവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ്‌ കുമാർ, സജീവ്, ടി.ആർ. സുനിൽ, ജെയ്‌സൻ ജോസ്, ഉദ്യോഗസ്ഥരായ കൃഷ്ണപ്രസാദ്, രാജു എൻ.ആർ,​ സനീഷ്‌കുമാർ, വിപിൻ ടി.സി,​ ഷാജു എം.ജി,​ ബിജു കെ.ആർ, മനോജ്, നിവ്യ ജോർജ്ജ്, അരുൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

gg