തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജില്ലയിൽ ജയിൽ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പ് ഇന്ന്. മത്സരിക്കുന്നവർ ഉൾപ്പെടെ ചിലർ നിരീക്ഷണത്തിലും ചിലർ കൊവിഡ് പോസിറ്റീവും ആയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇതിനിടെ, ഭരണകക്ഷിയിൽപ്പെട്ട മൂന്നു പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ അനുഭാവ സംഘടനയുടെ സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേർ. കൊവിഡ് വ്യാപനം തീവ്രമായിരുന്ന പൂജപ്പുര സെൻട്രൽ ജയിൽ കോമ്പൗണ്ടിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് തിരഞ്ഞെടുപ്പ്. 550 ലധികം അംഗങ്ങൾ ഉള്ള സൊസൈറ്റിയിൽ മറ്റു ജില്ലകളിൽ നിന്നുള്ളവരും 70 വയസ് കഴിഞ്ഞവരും ഉണ്ട്. ഇതിൽ ഹോട്ട്പോട്ടിലും കണ്ടെയ്ൻമെന്റ് സോണിലും ഉൾപ്പെടുന്നവരുമുണ്ട്. കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും കൊവിഡ് ബാധിച്ചതിനാൽ പലരും നിരീക്ഷണത്തിലാണ്. കൊവിഡ് ബാധിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലും രണ്ടാം പട്ടികയിലും ഉൾപ്പെട്ടവരും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. 550 അംഗങ്ങൾ ഉള്ള സൊസൈറ്റി തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് പല കോണിൽ നിന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നിരാകരിക്കപ്പെട്ടു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കോ-ഓപ്പറേറ്റീവ് തിരഞ്ഞെടുപ്പ് കമ്മിഷനെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനെയും സൊസൈറ്റിയിലെ ചിലർ തന്നെ പരാതിയുമായി സമീപിച്ചിട്ടും നടപടികൾ ഉണ്ടായില്ല. ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നതും വെല്ലുവിളിതന്നെ.