കാട്ടാക്കട: കടയിൽ അതിക്രമിച്ചുകയറി സഹോദരിയെ വെട്ടിപ്പരിക്കേല്പിച്ച യുവാവ് അറസ്റ്റിലായി. വിതുര മേമല തള്ളച്ചിറ സരിത ഭവനിൽ ഷിബു ജോയ് ആണ് പിടിയിലായത്. 2019 ഡിസംബറിൽ പൂവച്ചൽ ജംഗ്ഷനിലെ ലൈഫ് സ്റ്റെയിൽ ഡ്രെസ് കളക്ഷൻ ഉടമയായ സഹോദരി ഷീനാ ഫാത്തിമയെ ഇയാൾ കടയിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. കടയിലെ ഗ്ലാസ് ടേബിളും ഗ്ലാസ് സ്റ്റാൻഡുകളും സുരക്ഷാകാമറയുടെ മോണിറ്ററും ഇയാൾ നശിപ്പിച്ചു. പിടിച്ചുമാറ്റാനെത്തിയ ഷീനയുടെ മകനെ ഭീഷണിപ്പെടുത്തിയ ഇയാൾ ഭർത്താവിനെയും ആക്രമിച്ചിരുന്നു. സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സി.ഐ ഡി. ബിജുകുമാർ, എസ്.ഐ നിജാം, സി.പി.ഒമാരായ അഭിലാഷ് ജോസ്, സജിമോൻ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് വിതുരയിൽ നിന്നും പിടികൂടിയത്.