കല്യാശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനായി കെട്ടിടം നൽകിയ സഹോദരിമാർ മൂന്ന് വർഷമായി വാടക കിട്ടാതെ വലയുന്നു. കല്യാശേരിയിലെ പഴയ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിച്ച കെട്ടിടം ചോർച്ചയെ തുടർന്നാണ് പുതിയ കെട്ടിടത്തിനുള്ള അന്വേഷണം തുടങ്ങിയത്. അങ്ങനെയാണ് കീച്ചേരിയിലെ കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നില ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് നൽകിയത്. അരോളി ചാലിലെ രണ്ടു സഹോദരിമാരുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. 2017 സെപ്തംബർ 25 ന് നൽകിയ കെട്ടിടത്തിന് മൂന്നു വർഷമായിട്ടും വാടക പോലും നിശ്ചയിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചില്ല.
കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് മുന്നോടിയായി അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് ലക്ഷക്കണക്കിന് രൂപയും കെട്ടിട ഉടമകൾ ചെലവഴിച്ചിരുന്നു. മാസങ്ങൾക്കുള്ളിൽ വാടക നിശ്ചയിക്കുമെന്ന് അന്നത്തെ അധികൃതർ ഉറപ്പും നൽകി. എന്നാൽ മൂന്ന് വർഷത്തിനിടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുതൽ തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഓഫീസ് വരെ നിരന്തരം കയറിയിറങ്ങിയിട്ടും വാടക നിശ്ചയിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് കെട്ടിട ഉടമകൾ പറയുന്നു.
കെട്ടിടം വാടകയ്ക്ക് എടുത്തത് മുതൽ വാടക നിശ്ചയിച്ച് നൽകുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് തലത്തിൽ നിരവധി കത്തിടപാടുകൾ നടന്നിട്ടും വാടക നിശ്ചയിച്ച് നൽകുന്നതിൽ ബന്ധപ്പെട്ട അധികൃതർ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. പൊതുമരാമത്ത് വകുപ്പ് മാനദണ്ഡമനുസരിച്ച് നിശ്ചയിക്കുന്ന വാടക സർക്കാർ അംഗീകരിക്കുന്നത് പതിവാണെങ്കിലും പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തിൽ നടപടികൾ അനിശ്ചിതമായി നീളുകയാണ്. അതിനിടയിൽ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്താൻ പോലും ആളില്ലാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് അദ്ധ്യാപകരുടെയും പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെയും കാരുങ്ങൾ നിയന്ത്രിക്കുന്ന ഓഫീസിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.