well

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മണ്ണുർ പുത്തൻപീടിക കടവിന് സമീപത്തെ വീടുകളിലേക്ക് കുടിവെള്ളമെത്തുന്ന കിണർ മണ്ണിടിച്ചിൽ ഭീതിയിൽ. പന്ത്രണ്ട് വർഷം മുൻപ് പ്രദേശവാസി നൽകിയ പുഴയോര ഭൂമിയിലാണ് നാട്ടുകാർ കിണർ നിർമ്മിച്ചത്.

കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഇരുപത്തിയൊന്ന് വീട്ടുകാരാണ് മുന്നിട്ടിറങ്ങിയത്. കിണറിൽ നിന്നും പമ്പ് ചെയ്താണ് വീടുകളിൽ വെള്ളം എത്തുന്നത്. പക്ഷെ കാലവർഷത്തിൽ ശക്തമായി ഒഴുകുന്ന പുഴയോരത്തെ മണ്ണ് ഇടിയുകയാണ്. മണ്ണിൽ പശിമ നഷ്ട്ടപെട്ടതും പുഴയോരത്തെ കണ്ടൽകാടുകളുടെ വംശനാശവും മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്നു. കരിങ്കൽ പാറയുടെ സാന്നിദ്ധ്യം ഏറിയ ഭാഗമായതിനാൽ മറ്റൊരു കുടിവെള്ള ശ്രോതസ് നിർമ്മിക്കാനും പ്രയാസമാണ്. കഴിഞ്ഞ പ്രളയകാലത്ത് വീടുകളിലും വെള്ളം കയറി നാശനഷ്ടം വരുത്തിയിരുന്നു. പുഴയ്ക്ക് സംരക്ഷണഭിത്തി കെട്ടിയാൽ പരിഹാരമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പരിസരവാസികൾ.