harbar

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫിഷിംഗ് ഹാർബർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിക്കും.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2006 ഡിസംബറിലാണ് ഹാർബറിന് ശിലയിട്ടത്. നിർമ്മാണ ഘട്ടത്തിൽ ഒട്ടേറെ തടസവാദങ്ങൾ ഉയർന്നെങ്കിലും എം.എൽ.എ. ദാസന്റേയും നഗരസഭാ ചെയർമാൻ കെ. സത്യന്റേയും ഇടപെടലിലൂടെ പരിഹരിച്ചു. 63.99 കോടി രൂപയാണ് ചെലവ്. ഹാർബർ കമ്മീഷൻ ചെയ്യുന്നതോടെ ഡ്രജിംഗ് പ്രവർത്തികൾക്ക് കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ലഭ്യമാകും. അതോടെ ഹാർബറിന്റെ വികസന പ്രവർത്തികൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യ തൊഴിലാളികൾ.
തീരക്കടലിലെ മത്സ്യ ലഭ്യത വർദ്ധിപ്പിക്കുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യം ലഭിക്കുമെങ്കിലും വിപണനത്തിനും സംസ്‌ക്കരണത്തിനും പുതു സംവിധാനങ്ങൾ ഒരുക്കണമെന്ന് തൊഴിലാളികൾക്ക് അഭിപ്രായമുണ്ട്. മത്സ്യ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മത്സ്യഫെഡ് ഓഫീസ് ഹാർബർ എൻജിനീയറിംഗ് ഓഫീസ്, മത്സ്യ ഭവൻ എന്നിവ ഹാർബർ പരിസരത്ത് സ്ഥാപിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.