letter

വർക്കല: കൊവിഡ് കാലത്തിന്റെ ആകുലത പങ്കുവച്ച് മുഖ്യമന്ത്റിക്കെഴുതിയ കത്തിന് മറുപടി ലഭിച്ച സന്തോഷത്തിലാണ് മുങ്ങോട് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിലെ നാലാംക്ലാസുകാരി അനാമിക. സെപ്തംബർ 17നാണ് മുഖ്യമന്ത്റി കത്തെഴുതിയത്. പ്രിയപ്പെട്ട അനാമികയ്ക്ക് എന്ന സംബോധനയോടെയുള്ള മറുപടിയിൽ മുഖ്യമന്ത്റി ഇങ്ങനെ എഴുതുന്നു. ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ കൊവിഡ്കാലം നമ്മളെ പുതിയ പല ശീലങ്ങളും പഠിപ്പിച്ചിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ഊട്ടിയുറപ്പിച്ച് ലോക്ക്ഡൗണിനു ശേഷം തെളിഞ്ഞ ജലവുമായി പുഴകളൊഴുകി. സ്വന്തം ആവശ്യത്തിനെങ്കിലും കൃഷി ചെയ്യണമെന്ന ശീലമുണ്ടായി. വ്യക്തിശുചിത്വം ജീവിതാവശ്യമായി. ആഘോഷങ്ങൾ നിയന്ത്റിച്ച് ജീവിക്കാൻ പഠിച്ചു. സ്നേഹവും സഹവർത്തിത്വവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഈ കാലം ഓർമ്മിപ്പിച്ചു. മുതിർന്നവർക്ക് അനുഭവങ്ങളിലൂടെ ഉണ്ടായ ബോദ്ധ്യപ്പെടലുകളും പുതിയ ശീലങ്ങളും കുട്ടികൾക്കും പാഠമാണ്. സ്കൂളിൽ പോയി പഠിക്കാൻ കഴിയുന്നില്ല എന്ന ചിന്ത നിങ്ങളിൽ ചിലരെയെങ്കിലും അലട്ടുന്നുണ്ടാകും. അതുകൊണ്ട് ഈ താത്കാലികമായ ബുദ്ധിമുട്ട് സ്ഥിരമായി സന്തോഷിക്കാനുള്ള തയ്യാറെടുപ്പായി കാണാൻ നിങ്ങൾക്കു കഴിയണം. വേഗംതന്നെ എല്ലാം പഴയപടിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നും മുഖ്യമന്ത്റി കത്തിൽ പറയുന്നു. പേരേറ്റിൽ പ്രതാപവിലാസത്തിൽ പ്രതാപന്റെയും ആനിപവിത്രയുടെയും മകളാണ് അനാമിക. പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലയുടെ ബാലവേദി പ്രവർത്തക കൂടിയാണ് അനാമിക.