രാജ്യം ഉറ്റുനോക്കിക്കൊണ്ടിരുന്ന ബാബ്‌റി മസ്ജിദ് തകർക്കൽ കേസിൽ ലക്‌നൗവിലെ സി.ബി.ഐ കോടതിയിൽ നിന്നുണ്ടായിരിക്കുന്ന വിധി അത്യപൂർവം എന്നുവേണം വിശേഷിപ്പിക്കാൻ. മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എടുത്തിരുന്ന ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ടിരുന്ന മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി അടക്കം 32 പ്രതികളെയും കുറ്റവിമുക്തരാക്കി വിട്ടയച്ചിരിക്കുകയാണ്. ഇവർക്കെതിരെ ആരോപിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ സി.ബി.ഐക്ക് സാധിച്ചിട്ടില്ലെന്നാണ് വിധിയിൽ പറയുന്നത്. ഗൂഢാലോചന നടന്നു എന്നതിനോ പ്രതികൾ അതിൽ പങ്കാളികളായിരുന്നു എന്നതിനോ ഒരു തെളിവുപോലും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുപത്തെട്ടുവർഷമായി രാഷ്ട്രഹൃദയത്തിൽ ഉണങ്ങാത്ത മുറിവായി ഇപ്പോഴും ശേഷിക്കുന്ന ബാബ്റി കേസിൽ വിചാരണ കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്. പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകളില്ലെന്നു മാത്രമല്ല യഥാർത്ഥത്തിൽ ജനക്കൂട്ടം തർക്കമന്ദിരത്തിൽ കയറുന്നത് വിലക്കാനാണ് അവർ ശ്രമിച്ചതെന്നും രണ്ടായിരത്തിലധികം പേജുകളുള്ള വിധിയിൽ കോടതി നിരീക്ഷിക്കുന്നു. പ്രതികൾ ഒന്നിലേറെ അവസരങ്ങളിൽ ഒന്നിച്ചുകൂടി മന്ദിരം തകർക്കാൻ ഗൂഢാലോചനയിൽ ഏർപ്പെട്ടതായും കൂട്ടത്തിൽ പണമിടപാടുകൾ നടന്നതായും മറ്റുമുള്ള പ്രോസിക്യൂഷൻ വാദമുഖങ്ങൾ കോടതി മുഖവിലയ്ക്കെടുത്തില്ല.
ബാബ്റി മസ്ജിദ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലിബർഹാൻ കമ്മിഷനും ഇതേ നിഗമനം മുന്നോട്ടുവച്ചതാണ്. എന്നാൽ ഇത് സാധൂകരിക്കാനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചില്ലെന്നാണ് വിധിയിൽ പറയുന്നത്. കുറ്റം അന്വേഷണ ഏജൻസിയായ സി.ബി.ഐയുടേതാണോ കേസ് വാദിച്ച പ്രോസിക്യൂഷന്റേതാണോ എന്ന് വിധിന്യായം പൂർണമായും പഠിച്ച ശേഷമേ പറയാനാവൂ. ഏതായാലും നിയമ നീതിന്യായ സംവിധാനങ്ങളുടെ ദൗർബല്യങ്ങളിലേക്ക് വെളിച്ചം വീശുന്നതുതന്നെയാണ് ബാബ്റി കേസിലെ ഇൗ വിധി.
ബാബ്‌റി മസ്ജിദിലേക്ക് തള്ളിക്കയറാൻ കുതിച്ച ജനക്കൂട്ടത്തെ തടയാൻ നേതാക്കൾ ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് വിധിയിൽ പറയുന്നത്. സ്ഥലത്ത് വൻ ജനക്കൂട്ടമുണ്ടായിരുന്നു. നിയന്ത്രണാതീതമായ ആ ജനക്കൂട്ടമാണ് മന്ദിരം തകർത്തത്. ഇതിൽ പ്രതികളുടെ പങ്ക് തെളിയിക്കാനായിട്ടില്ലെന്നാണ് കോടതി നിരീക്ഷണം.
വിധിയിലൂടെ പോറൽപോലും ഏൽക്കാതെ മോചിതരായവരുടെ ആഹ്‌ളാദകരമായ പ്രതികരണങ്ങൾ സ്വാഭാവികംതന്നെ. മഹത്വപൂർണമായ വിധിയെന്ന് അദ്വാനിയും ചരിത്ര വിധിയെന്ന് മുരളി മനോഹർ ജോഷിയും പറഞ്ഞുകഴിഞ്ഞു. ബി.ജെ.പി-വി.എച്ച്.പി കക്ഷികൾക്ക് സി.ബി.ഐ കോടതിവിധി നൽകുന്ന ആശ്വാസം മനസിലാക്കാവുന്നതേയുള്ളൂ. മറുവശത്ത് വിധിയുടെ അർത്ഥശൂന്യത തുറന്നു പ്രകടിപ്പിക്കുന്ന രൂക്ഷമായ പ്രതികരണങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഇരുപത്തെട്ടുവർഷം കഴിഞ്ഞ് ബാബ്റി കേസിൽ ഇത്തരത്തിൽ അവിശ്വസനീയമായ ഒരു വിധിയുണ്ടായതിലെ അദ്ഭുതവും രോഷവും അവരാരും മറച്ചുവയ്ക്കുന്നില്ല.
കോടതികളുടെ പരിഗണനയ്ക്കെത്തുന്ന ഏത് കേസും ഹാജരാക്കപ്പെടുന്ന തെളിവുകളെ ആധാരമാക്കിയാകും വിധി ഉണ്ടാകുന്നത്. ബാബ്‌റി കേസിൽ പ്രോസിക്യൂഷൻ കുറച്ച് ഫോട്ടോകളും ചിത്രങ്ങളുമല്ലാതെ വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ലെന്ന് കോടതി പറയുമ്പോൾ സി.ബി.ഐയുടെ നേർക്കാണ് സംശയത്തിന്റെ വിരലുകൾ നീണ്ടുചെല്ലുന്നത്. സുദീർഘമായ അന്വേഷണം നടത്തുകയും നൂറുകണക്കിനാളുകളിൽ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തതാണ്. പോരാത്തതിന് സംഭവത്തെക്കുറിച്ച് പതിനേഴുവർഷം അന്വേഷണം നടത്തിയ ജസ്റ്റിസ് ലിബർഹാൻ കമ്മിഷന്റെ അതിദീർഘമായ റിപ്പോർട്ടും മുന്നിലുണ്ടായിരുന്നു. ഒന്നും ഉപയോഗപ്പെട്ടില്ല.
അയോദ്ധ്യ ഭൂമിതർക്ക കേസിന്റെ വിചാരണയ്ക്കിടയിൽ സുപ്രീംകോടതിതന്നെ ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തെ അതിരൂക്ഷമായ വാക്കുകളിൽ പരാമർശിച്ചിരുന്നു. ഏറ്റവും നിന്ദ്യവും നീചവുമായ ക്രിമിനൽ കുറ്റമായി വേണം ഇതിനെ കാണാൻ എന്നും പരമോന്നതകോടതി അഭിപ്രായപ്പെട്ടിരുന്നു. ഭൂമിതർക്കകേസിലെ അന്തിമ വിധിയിലും മസ്ജിദ് തകർത്ത സംഭവം ക്രിമിനൽ കുറ്റമായിത്തന്നെ കണ്ട് നടപടി വേണമെന്നാണ് കോടതി നിരീക്ഷിച്ചത്. മസ്ജിദ് തകർക്കപ്പെട്ട സംഭവത്തിന് ആരും നേരിൽ ഉത്തരവാദികളല്ലെന്ന സി.ബി.ഐ കോടതിയുടെ കണ്ടെത്തൽ ഇൗ സാഹചര്യത്തിൽ നിയമജ്ഞരുടെ മാത്രമല്ല, സാധാരണക്കാരുടെയും പുരികം ചുളിക്കുന്നത് തികച്ചും സ്വാഭാവികമാണ്. 1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് തകർത്ത സംഭവം രാജ്യത്തിന് വരുത്തിവച്ച തീരാക്കളങ്കം ഇപ്പോഴും നിലനിൽക്കുകയാണ്. ലോകത്തിന് മുന്നിൽ രാജ്യം ഒന്നാകെ തലകുനിക്കേണ്ടി വന്ന സംഭവമായിരുന്നു അത്. അതുണ്ടാക്കിയ മുറിവ് പല രൂപങ്ങളിൽ ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.
ബി.ജെ.പി -വി.എച്ച്.പി നേതാക്കൾ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിചാരണ കോടതി വിധിക്കെതിരെ സി.ബി.ഐ അപ്പീൽ പോകുമോ എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം പ്രായമായ ഇൗ കേസിൽ അന്തിമ വിധിയുണ്ടാകാൻ ഇപ്പോഴത്തെ നിലയ്ക്ക് ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരും. ഹൈക്കോടതിയും കടന്നു സുപ്രീംകോടതിയിൽ അന്തിമവിധി വരുമ്പോൾ പ്രതികളിൽ എത്രപേർ ശേഷിക്കുമെന്നതിലും നിശ്ചയമില്ല. എന്നാലും രാജ്യത്തിന്റെ നിയമനീതി നടത്തിപ്പിന്റെ വിശ്വാസ്യത നിലനിറുത്താൻ ഇതൊക്കെ അനിവാര്യം തന്നെയാണ്. രാഷ്ട്രീയ മാനമുള്ള കേസുകളിൽ വരുന്ന കാലതാമസം നീതിനിർവഹണ സംവിധാനങ്ങളെത്തന്നെ പരിഹാസ്യമാക്കാറുണ്ട്. ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ നൂറുകണക്കിനു കേസുകളുണ്ട്. ബാബ്റി കേസിൽത്തന്നെ ഇപ്പോഴെങ്കിലും വിധി ഉണ്ടായത് സുപ്രീംകോടതിയുടെ കർക്കശ ഇടപെടൽ കാരണമാണ്. നിത്യേന വിചാരണ നടത്തി രണ്ടുവർഷംകൊണ്ട് കേസ് പൂർത്തിയാക്കാൻ 2017- ൽ ലക്‌നൗവിലെ സി.ബി.ഐ കോടതിയോട് പരമോന്നത കോടതി നിർദ്ദേശിച്ചിരുന്നു. സമയം നീട്ടിക്കിട്ടാൻ പലവട്ടം ശ്രമം നടന്നു. കൊവിഡും അതിനു കാരണമായി. വീഡിയോ കോൺഫറൻസ് വഴി വിചാരണ നടത്തിയാണ് കേസ് പൂർത്തിയാക്കിയത്. കേസ് കേട്ട ജഡ്ജി എസ്.കെ. യാദവ് സർവീസിൽ നിന്ന് വിരമിക്കുന്ന ദിനത്തിലാണ് ബാബ്റി കേസിൽ വിധിയുണ്ടായതെന്നതും പ്രത്യേകതയാണ്.
ബാബ്റി കേസിൽ വിധി വന്നെങ്കിലും അതുമായി ബന്ധപ്പട്ട് വിവാദങ്ങളും നിയമയുദ്ധവും ഇനിയും തുടരുമെന്ന് തീർച്ചയാണ്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് യു.പി. വക്കഫ് ബോർഡ് പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ പാർട്ടികൾ വിധിയോടുള്ള പ്രതികരണം ഉടനെ വ്യക്തമാക്കാൻ മടിച്ചതും ശ്രദ്ധേയമാണ്. സംഭവം നടന്ന സമയത്ത് കേന്ദ്രഭരണം കോൺഗ്രസിനായിരുന്നു. വേണ്ടസമയത്ത് പ്രശ്നത്തിൽ ഇടപെടാതിരുന്നതിന് പ്രധാനമന്ത്രി നരസിംഹറാവു ഏറെ പഴി കേൾക്കേണ്ടിയും വന്നു.
രാജ്യത്തിന്റെ മനസാക്ഷിക്ക് ആഴത്തിൽ മുറിവേല്പിച്ച സംഭവത്തിനാണ് 1992 ഡിസംബർ ആറിന് രാജ്യം വേദനയോടെ സാക്ഷ്യം വഹിച്ചത്. അത്തരത്തിലൊന്ന് വീണ്ടും ഉണ്ടാകാതിരിക്കട്ടെ എന്നാകും എല്ലാവരുടെയും പ്രാർത്ഥന.