1

പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിലെ പുത്തൻകടയിലെ റോഡ് വക്കിൽ അനധികൃത കച്ചവടം പൊടിപൊടിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നു. മത്സ്യവും പച്ചക്കറിയും മുതൽ വിറക് കച്ചവടം വരെ റോഡ് വക്കിലാണ് നടക്കുന്നത്. പൊലീസ് വരുമ്പോൾ മാത്രമാണ് അകലം പാലിക്കലെന്നും ആക്ഷേപമുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് വർദ്ധിക്കുമ്പോൾ ഗതാഗത തടസവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് നാട്ടിൻപുറങ്ങളിലെ ചന്തകൾക്ക് നിലവിൽ പ്രവർത്തനാനുമതിയില്ല. ഈ സാഹചര്യത്തിൽ നാടുനീളെ ചന്തകൾ നടക്കുന്നുണ്ടെങ്കിലും ഒരിടത്തും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. പുത്തൻകട ജംഗ്‌ഷനിൽ ഒരു ബിവറേജസ് ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നുണ്ട്. ജംഗ്ഷനിൽ തിരക്ക് വർദ്ധിപ്പിക്കുന്ന ഇതിന്റെ പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. തീരദേശ പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന തിരുപുറം ഗ്രാമ പഞ്ചായത്തിൽ നാൾക്കുനാൾ രോഗവ്യാപനം ഏറി വരുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. പുത്തൻകട ജംഗ്‌ഷനിൽ തന്നെ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പൊതു മാർക്കറ്റ് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇതിന്റെ നിർമ്മിതിയിലെ അപാകത കാരണം വാഹനങ്ങൾക്ക് ചന്തയ്ക്കുള്ളിൽ പ്രവേശിക്കാൻ കഴിയാത്തതും വെള്ളവും വെളിച്ചവും ഇല്ലാത്തതിനാലും നാട്ടുകാർ ചന്ത ബഹിഷ്കരിക്കുകയായിരുന്നു. ജില്ലയിലെ തന്നെ ഒരു പ്രധാന പലഹാര നിർമ്മാണ കേന്ദ്രം കൂടിയാണ് പുത്തൻകട. വീട്ടാവശ്യത്തിനും കച്ചവടത്തിനും പലഹാരങ്ങൾ വാങ്ങാൻ നാടിന്റെ നാനാഭാഗത്തുനിന്നും ആൾക്കാർ ഇവിടേക്ക് എത്താറുണ്ട്. ഇക്കാരണങ്ങളാൽ ജംഗ്ഷനിൽ ഏത് നേരവും തിരക്കാണ്. പുത്തൻകടയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.