motor

തിരുവനന്തപുരം: ലോക്ക് ഡൗണോടെ ഭാഗികമായി മാത്രം നടത്തിയിരുന്ന വാഹന പരിശോധന മോട്ടോർ വാഹനവകുപ്പ് പൂർവാധികം വിപുലമാക്കി. ഇ- ചെലാൻ കൂടി നടപ്പിലാക്കിയതോടെ പെറ്റി അടിച്ച വിവരം പലരും അറിയുന്നത് വീട്ടിലെത്തുമ്പോഴായിരിക്കും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ‍‍ർ തോന്നുംപോലെ വൻതുക പെറ്റി ചുമത്തുന്നതായി ആരോപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി സന്ദേശങ്ങളും ഇതോടെ പ്രചരിച്ചുതുടങ്ങി.

ആർ.ടി.ഒ സ്ക്വാഡുകൾ കൂടാതെ 17 പ്രത്യേക സ്ക്വാഡുകൾ കൂടി പരിശോധനയ്ക്ക് ഇറങ്ങിയിട്ടുണ്ട്. കാമറകൾ ഘടിപ്പിച്ച വാഹനങ്ങളിലാണ് സ്ക്വാഡുകൾ സഞ്ചരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അനധികൃത പാർക്കിംഗ്, നമ്പർ ബോർഡിലെ ക്രമക്കേടുകൾ, അമിത വേഗത, നിയമപ്രകാരമല്ലാത്ത രൂപമാറ്റം,​ അമിതഭാരം തുടങ്ങിയ കുഴപ്പങ്ങൾ കണ്ടെത്തി പിഴ ചുമത്തുകയാണ്.

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ മുതൽ മുകളിലോട്ടുള്ള 900 എൻഫോഴ്സ്‌മെന്റ് ഓഫീസർമാരുടെയും മൊബൈൽഫോണുകളിൽ ഇ-ചെലാൻ പ്രവർത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയിൽ നിൽക്കുമ്പോൾ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങൾ എവിടെവച്ച് കണ്ടാലും പിഴചുമത്താം. മൊബൈൽഫോണിൽ ചിത്രമെടുത്താലും മതി. പരിവാഹൻ വെബ്‌സൈറ്റുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. പിഴചുമത്തിയ കാര്യം ഉടമയുടെ മൊബൈൽഫോണിലേക്ക് എസ്.എം.എസ് ആയി എത്തും.

ഇ-ചെലാനിൽ 32,000 പേർ

ആകെ മാറ്റം വരുത്തി കൊച്ചിയിൽ ചീറിപ്പാഞ്ഞ കാറിന്റെ ഉടമയ്ക്കും ബൈക്കുകളിൽ മത്സരഓട്ടം നടത്തിയവർക്കും കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസിനെ കടത്തിവിടാതെ ബൈക്കോടിച്ച ആൾക്കുമെല്ലാം മുട്ടൻ പെറ്റികളാണ് ലഭിച്ചത്. ആദ്യപടിയായി വാഹനങ്ങളുടെ രൂപമാറ്റവും നമ്പർബോർഡിലെ ക്രമക്കേടുകളുമാണു പരിശോധിച്ചത്. ഇ-ചെലാനിൽ ഇതുവരെ 32,000 പേർ കുടുങ്ങി. വീലുകൾ, സൈലൻസർ എന്നിവയിൽ മാറ്റംവരുത്തിയവർക്കും അനുവദനീയമല്ലാത്ത ലൈറ്റുകൾ, ഹോണുകൾ, കൂളിംഗ് ഫിലിം എന്നിവ ഉപയോഗിച്ചവർക്കുമാണ് പിഴചുമത്തിയത്. രൂപമാറ്റം വരുത്തിയാൽ 5000 രൂപ മുതൽ 20,​000 രൂപവരെ പിഴ ഈടാക്കാം.

ചില ഉദ്യോഗസ്ഥർ ചെറിയടാഗ് വണ്ടിയിലുണ്ടായിരുന്നാൽപോലും പിഴ ചുമത്തുന്നുവെന്നും ടയറിന്റെ അലോയ് വീല്‌ ഓരോന്നിനും 5000 രൂപ വീതം ഈടാക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴി നടത്തുന്ന ഈ പ്രചാരണം തെറ്റാണെന്നും കർശനപരിശോധനയൊന്നും നടത്തിയിട്ടില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.