കുറ്റം കീഴ്ജീവനക്കാരിൽ മാത്രം കെട്ടിവയ്ക്കാനും ശ്രമം തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കൈമാറി. അതേസമയം കുറ്റം നഴ്സുമാരിലും അറ്റൻഡർമാരുടെയും മേലിൽ കെട്ടിവച്ച് തലയൂരാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ആശുപത്രിയിലെ നഴ്സുമാരും അറ്റൻഡർമാരുമടക്കം 10 ജീവനക്കാർക്ക് കഴിഞ്ഞദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവരുടെ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്‌ത അനിൽകുമാറിനെ (55) ഇരുപത് ദിവസം കൈകൾ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടതായി മകൻ അഭിലാഷ് കഴിഞ്ഞദിവസം കേരളകൗമുദിയോട് വെളിപ്പെടുത്തിയിരുന്നു. 22 ദിവസം ഡയപ്പർ മാറ്റിയില്ലെന്ന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ നിഷേധിച്ചു. സംഭവത്തിൽ അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
അനിൽകുമാർ സുഖം പ്രാപിക്കുന്നു പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലുള്ള അനിൽകുമാറിന്റെ നിലയിൽ പുരോഗതിയുണ്ട്. ഭക്ഷണവും കഴിച്ചുതുടങ്ങി. ചെറുതായി സംസാരിക്കാനും തുടങ്ങി. എന്നാൽ കൈകൾ നിവരാത്തവിധം മുകളിലേക്ക് മടങ്ങിയ നിലയിലാണ്. ഇത് നിവർത്താനുള്ള ഫിസിയോ തെറാപ്പി ചികിത്സയും ആരംഭിച്ചിട്ടുണ്ട്. |