social

കിളിമാനൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സീറ്റ്മോഹികൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം തുടങ്ങി. കൊവിഡ് പിടിമുറക്കിയതോടെ ഇത്തവണ 'സീറ്റുറപ്പിക്കൽ' തുടങ്ങിയത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലാണെന്ന് മാത്രം. വീടുകളിൽ കയറിയുള്ള പ്രചാരണം വെല്ലുവിളിയാകുമെന്ന് മനസിലാക്കിയാണ് പുതിയ ചുവടുമാറ്റം. സാമൂഹ്യമാദ്ധ്യമങ്ങളിലാകുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട തുടങ്ങിയ ഗുണങ്ങളുമുണ്ട്. പുതിയ ഗ്രൂപ്പുകൾ ആരംഭിച്ച് വോട്ടർമാരെ ചേർത്തുള്ള പ്രചാരണവും പൊടിപൊടിക്കുകയാണ്. നമ്മുടെ വാർഡ് നല്ലൊരു വാർഡ്, അയൽക്കൂട്ടം കൂട്ടായ്‌മ, പൊളിറ്റിക്കൽ തിങ്കേഴ്‌സ്, എന്റെ ഗ്രാമം തുടങ്ങി പല പേരുകളിൽ ഗ്രൂപ്പുകൾ സജീവമായിത്തുടങ്ങി. ഈ ഗ്രൂപ്പുകളിലെ അഡ്മിന്മാരെ ചാക്കിട്ട് പിടിച്ചു മെമ്പറാകാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഇവർ. കുശലാന്വേഷണങ്ങളും വികസന പോസ്റ്റുകളുമൊക്കെ ഇടുന്നതാണ് ഇവരുടെ രീതി. എന്തൊക്കെ ആയാലും പ്രഖ്യാപനം വരുമ്പോൾ സീറ്റ് കിട്ടുമോ എന്ന് കണ്ടുതന്നെ അറിയണം.