തെളിവില്ലാതായത് എങ്ങനെ?
ബാബ്റി മസ്ജിദ് കേസിലെ വിധി ജനാധിപത്യവാദികളെ ഞെട്ടിക്കുന്നതാണ്. ഭരണഘടനയും നീതിന്യായ വ്യവസ്ഥയും നിലവിലുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നത് അതീവ ഗുരുതരമാണ്. പള്ളി പൊളിക്കുന്നതിന് മൗനാനുവാദം നൽകിയ കോൺഗ്രസിന് ഈ വിധിയിലേക്ക് നയിച്ചതിൽ വലിയ ഉത്തരവാദിത്വമുണ്ട്.
കോടിയേരി ബാലകൃഷ്ണൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
വേട്ടയാടൽ തീർന്നു
സത്യം തെളിഞ്ഞു
അയോദ്ധ്യയിലെ തർക്ക മന്ദിരം തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടു നീണ്ട വേട്ടയാടൽ സി.ബി.ഐ കോടതി വിധിയോടെ അവസാനിച്ചു. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബി.ജെ.പിക്കെതിരെ നടത്തിയ നുണപ്രചാരണങ്ങളെല്ലാം പൊളിഞ്ഞു. തർക്ക മന്ദിരത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം.
കെ.സുരേന്ദ്രൻ
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
മതനിരപേക്ഷതയ്ക്ക്
പ്രഹരം
ജ്യുഡിഷ്യറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ് ബാബ്റി മസ്ജിദ് വിധി. മതനിരപേക്ഷതയ്ക്കേറ്റ കനത്ത പ്രഹരമാണ്. മസ്ജിദിന്റെ തകർച്ചയ്ക്ക് പ്രഥമ ഉത്തരവാദികൾ സംഘപരിവാർ സംഘടനകളാണെന്ന് ലിബർഹാൻ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതികളെ രക്ഷിക്കാനുള്ള ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ
കെ.പി.സി.സി പ്രസിഡന്റ്
വിധി നിർഭാഗ്യകരം,
അപ്പീൽ നൽകണം
വിധി നിർഭാഗ്യകരമാണ് മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയമവിരുദ്ധമായും അക്രമ മാർഗത്തിലൂടെയുമാണ് ബാബ്റി മസ്ജിദ് തകർത്തത്. അന്വേഷണ ഏജൻസി ഉടനെ അപ്പീൽ നൽകണം. എല്ലാവരും സമാധാനം നിലനിറുത്തുകയും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്നും തങ്ങൾ പറഞ്ഞു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ്
പള്ളി തകർത്തിട്ടില്ലെന്ന്
പറയുന്നതിന് തുല്യം
മസ്ജിദ് തകർത്തിട്ടേയില്ല, ഇപ്പോഴും പള്ളി അവിടെയുണ്ടെന്ന് പറയുന്നതിന് തുല്യമായിപ്പോയി വിധി. പള്ളി തകർത്തപ്പോൾ പ്രതികളാരും തടയാൻ ശ്രമിച്ചിട്ടില്ലെന്നത് ലോകം കണ്ടതാണ്. നിയമവിരുദ്ധ പ്രവർത്തനം നടന്നെന്ന് സുപ്രീംകോടതി വ്യക്തമായി പറയുകയും അന്വേഷണ ഏജൻസി കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. ഈ വിധി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
പി.കെ. കുഞ്ഞാലിക്കുട്ടി
എം.പി