നവംബറോടെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനായേക്കും
തിരുവനന്തപുരം: കോളേജുകളിൽ ഈ വർഷം ആരംഭിക്കുന്ന നൂതന കോഴ്സുകളിലേക്ക് നവംബർ മാസത്തോടെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനായേക്കും. നൂതന കോഴ്സുകൾക്ക് അപേക്ഷിക്കാൻ കോളേജുകൾക്ക് സെപ്തംബർ 21വരെ സമയമനുവദിച്ചിരുന്നു. ഇതിന് സാധൂകരണം നൽകുന്നതിന്റെ ഭാഗമായി, പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് അപേക്ഷകൾ സ്വീകരിക്കാനും പരിഗണിക്കാനുമായി സർവകലാശാലകൾക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തുംവിധം ആക്ടുകൾ ഭേദഗതി ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സർവകലാശാലകളുടെ ചട്ടപ്രകാരം പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ആഗസ്റ്റ് 31വരെയായിരുന്നു കോളേജുകൾക്ക് അനുമതി. എന്നാൽ ഇക്കൊല്ലം തന്നെ കോഴ്സുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പ്രഖ്യാപിച്ചത് അതിന് ശേഷമാണ്. അപേക്ഷാതീയതിയിൽ മാറ്റം വരുത്തുന്നതിനായാണ് ചട്ടഭേദഗതി.
ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കോളേജിലും രണ്ട് കോഴ്സുകൾ വീതം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. അപേക്ഷകൾ ക്രോഡീകരിച്ച് മുൻഗണനാക്രമത്തിലാണ് കോളേജുകൾക്ക് കോഴ്സുകൾ അനുവദിക്കുക.
പുതുതലമുറ കോഴ്സുകൾക്കാണ് ഇക്കൂട്ടത്തിൽ സർവകലാശാലകൾ മുൻഗണന നൽകുന്നത്.
കലാമണ്ഡലം അദ്ധ്യാപകർക്ക് ശമ്പള പരിഷ്കരണം
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ അദ്ധ്യാപകർക്ക് യു.ജി.സി അഞ്ചാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും ആറാം ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കേണ്ടതില്ലെന്നും ശമ്പള പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കുന്ന മാസത്തിന്റെ ഒന്നാം തീയതി മുതൽ മാത്രമേ പുതുക്കിയ ശമ്പളം പണമായി അനുവദിക്കുകയുള്ളൂവെന്നുമുള്ള വ്യവസ്ഥകളോടെയാണ് അനുമതി.