തിരുവനന്തപുരം: കാസർകോട്ട് കൊവിഡ് പ്രതിരോധത്തിനായി ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച് സർക്കാരിന് കൈമാറിയ തെക്കിൽ വില്ലേജിലെ പുതിയ ആശുപത്രിയിലേക്ക് 191 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നാം ഘട്ടമായാണിത്.
സൃഷ്ടിക്കുന്ന തസ്തികകളിൽ ഒരു വർഷത്തേക്ക് താത്കാലിക, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കും. ഇപ്പോൾ കൊവിഡ് ആശുപത്രിയായെണിങ്കിലും ഭാവിയിൽ സാധാരണ ആശുപത്രിയായി പ്രവർത്തിക്കാനാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കാസർകോട് ജനറൽ ആശുപ്രതിയോടനുബന്ധിച്ചുള്ള സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുള്ള കൊവിഡ് ആശുപത്രിയായാണ് 553 കിടക്കകളുള്ള ഈ ആശുപത്രിയെ മാറ്റിയിരിക്കുന്നത്. ഇതിലേക്കാവശ്യമായ മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള ജീവനക്കാരുടെ തസ്തികകളാണ് സൃഷ്ടിച്ചത്.