തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിട്ട് ഒരുമാസം കഴിഞ്ഞിട്ടും പെരിയ ഇരട്ടക്കൊലക്കേസിലെ കേസ് ഡയറിയും ഫോറൻസിക് റിപ്പോർട്ടും അടക്കമുള്ള രേഖകൾ നൽകാത്ത ക്രൈംബ്രാഞ്ചിൽ നിന്ന് അവ പിടിച്ചെടുക്കാനുള്ള അസാധാരണ നടപടിയിലേക്ക് സി.ബി.ഐ നീങ്ങി. കേസ് രേഖകൾ ഉടൻ കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സി.ബി.ഐ സി.ആർ.പി.സി 91 പ്രകാരം ക്രൈംബ്രാഞ്ചിന് നോട്ടീസ് നൽകി. ഏഴുതവണ കത്ത് നൽകിയിട്ടും കേസ് രേഖകൾ കൈമാറാത്തതിനെ തുടർന്നാണ് അപൂർവനടപടി.
രാഷ്ട്രീയചായ്വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണെന്ന വിമർശനത്തോടെയാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. സിംഗിൾബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയിരുന്നെങ്കിലും അപ്പീലിൽ കുറ്റപത്രം നിലനിറുത്തി. എന്നാൽ എഫ്.ഐ.ആർ, കേസ് ഡയറി, ഫോറൻസിക് രേഖകൾ, കുറ്റപത്രം എന്നിവയൊന്നും സി.ബി.ഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറാവുന്നില്ല. ഉന്നതതലത്തിൽ നിന്ന് അനുമതി കിട്ടിയില്ലെന്നാണ് ന്യായം. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ദകൃഷ്ണന്റെ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.
കാസർകോട് കോടതിയിൽ നിന്ന് എഫ്.ഐ.ആറിന്റെ പകർപ്പ് ശേഖരിച്ച് എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്ത സി.ബി.ഐ, പഴുതടച്ച അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. എന്നാൽ കോടതി ആദ്യ കുറ്റപത്രം റദ്ദാക്കിയിട്ടില്ലാത്തതിനാൽ അതിന്റെ തുടർച്ചയായി വേണം സി.ബി.ഐ അന്വേഷണം. ഫോറൻസിക് രേഖകളടക്കം കുറ്റപത്രത്തിലുണ്ട്. ഇനി ഫോറൻസിക് പരിശോധന നടത്താനാവില്ല. ഫയലുകൾ ആവശ്യപ്പെട്ട് സി.ബി.ഐ പലതവണ ക്രൈംബ്രാഞ്ച് മേധാവിക്കും എസ്.പിക്കും കത്ത് നൽകിയെങ്കിലും ഉടൻ തരാമെന്ന മറുപടിയല്ലാതെ ഫയൽ കൈമാറിയില്ല. അതിനാലാണ് രേഖകൾ പിടിച്ചെടുക്കുന്നതിനുള്ള അസാധാരണ നടപടി സി.ബി.ഐ കൈക്കൊണ്ടത്. അതേസമയം, സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനമാകുന്ന മുറയ്ക്ക് രേഖകൾ നൽകുമെന്നാണ് പൊലീസ് നേതൃത്വം വിശദീകരിക്കുന്നത്. ഒക്ടോബർ 26നാണ് സുപ്രീം കോടതി കേസ് പരിഗണിക്കുക.
ക്രൈംബ്രാഞ്ചിന് സമൻസ് നൽകി
പെരിയ ഇരട്ടക്കൊലക്കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിൽനിന്ന് ലഭ്യമാക്കാൻ സി.ബി.ഐ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചേക്കും. ഇതിനു മുന്നോടിയായി,കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് മൂന്ന് ദിവസം മുമ്പ് സമൻസ് നൽകി.
11 പ്രതികളുടെ റിമാൻഡ് നീട്ടി
പെരിയ ഇരട്ടക്കൊലക്കേസിൽ പീതാംബരൻ, സജി. സി. ജോർജ് എന്നിവരടക്കം പതിനൊന്നു പ്രതികളുടെ റിമാൻഡ് 14 വരെ നീട്ടി. ഇന്നലെ ഇവരെ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കിയിരുന്നു.