paadam

കിളിമാനൂർ: വർഷങ്ങളായി തരിശുകിടന്ന ആറ് ഏക്കർ പാടശേഖരത്തിൽ ഇന്ന് വീണ്ടും കൊയ്ത്തുപാട്ടിന്റെ ഈണമുയരും. സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ കർഷക സമിതിയാണ് തരിശുകിടന്ന വാലഞ്ചേരി പാടശേഖരത്തിന് പുനർജനി നൽകിയത്. എട്ടോളം കർഷകരാണ് തങ്ങളുടെ തരിശുനിലങ്ങൾ ജനകീയ കർഷക സമിതിക്ക് കൃഷിക്കായി വിട്ടു നൽകിയത്. വിളവെടുക്കുമ്പോൾ ഓരോ കർഷകനും ഒരു ചാക്ക് നെല്ല് സമിതി ദക്ഷിണയായി നൽകും. ഇന്ന് രാവിലെ 8.30ന് നടക്കുന്ന കൊയ്ത്തുത്സവം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഇടമന, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ആർ. രാജീവ്, സമിതി ചെയർമാൻ വി. സോമരാജക്കുറുപ്പ്, ഓർഗനൈസിംഗ് സെക്രട്ടറി ബി.എസ്. റജി, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് സി. സുകുമാരപിള്ള, കൺവീനർ ജി. ബാലൻ എന്നിവർ പങ്കെടുക്കും.

ഒരു കാലത്ത് പച്ചപ്പ് നിറഞ്ഞ് നൂറുമേനി വിളവ് നൽകിയിരുന്നതാണ് കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഈ പാഠശേഖരം. ഇവിടുത്തെ കൃഷിയിറക്കലും കൊയ്ത്തുമെല്ലാം കർഷകർക്ക് ഉത്സവദിനങ്ങളാണ് സമ്മാനിച്ചിരുന്നത്. എന്നാൽ നെൽക്കൃഷിയുടെ ഭാരിച്ച ചെലവും കൃഷിനാശവുമെല്ലാം ആയതോടെ പലരും കൃഷിയിൽ നിന്ന് പിന്തിരിഞ്ഞു.

നെല്ല് വിറ്റാൽ കൂലി കൊടുക്കാൻ പോലും തികയില്ലെന്ന അവസ്ഥ. ഇതോടെ തരിശായി മാറിയ പാടങ്ങളിൽ കാട്ടുപുല്ലുകൾ വളർന്നു. കീരിയും പാമ്പുമൊക്കെ ഇവിടം താവളവുമാക്കി. ഈ പാഠശേഖരത്തിനാണ് ഒടുവിൽ പുതുജീവൻ ലഭിച്ചത്.