vld-1

വെള്ളറട: ദുരൂഹ സാഹചര്യത്തിൽ വീട് തീകത്തി നശിച്ചു. ചെമ്പൂര് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം നാരായണന്റെയും സരസമ്മപിള്ളയുടെയും നാലുകെട്ടും പടിപ്പുരയുമുള്ളതും തടികൊണ്ടും ഓടിട്ടതുമായ തറവാട് വീട്ടിലാണ് ഇന്നലെ പുലർച്ചെ രണ്ടരയോടുകൂടി തീപിടിത്തമുണ്ടായത്. തീപടരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവ‌ർ ഓടി രക്ഷപ്പെട്ടു. തീ പടർന്ന് പിടിക്കുന്നതിനിടയിൽ വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ഇലക്ട്രിക് ഉപകരണങ്ങളും വസ്ത്രങ്ങളും രേഖകളും എല്ലാം കത്തി നശിച്ചു. നെയ്യാർഡാമിൽ നിന്നും ഫയർ ഫോഴ്സ് എത്തിയെങ്കിലും വാഹനം എത്താൻ സൗകര്യമില്ലാത്തതിനാൽ നൂറുമീറ്റർ അകലെ വാഹനം നിർത്തിയ ശേഷം വെള്ളം എത്തിച്ചാണ് തീകെടുത്തിയത്. വീട് മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാരുടെ പരാതിയെ തുടർന്ന് ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.