life-mission

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതിയിൽ സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിറുത്തി സി.ബി.ഐ കേസന്വേഷണം പ്രഖ്യാപിച്ചതിൽ മന്ത്രിസഭായോഗത്തിൽ വിമർശനമുയർന്നു..

യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ്ക്രസന്റും യുണിടാക്കും തമ്മിലുള്ള കരാറിൽ ക്രമക്കേടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ടവർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. അതിന് പകരം, അതിൽ ഭാഗമല്ലാത്ത സർക്കാർ പ്രതിനിധികളെ പേര് പറയാതെ എതിർകക്ഷികളാക്കി സി.ബി.ഐ കൊച്ചി യൂണിറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന വികാരമാണ് യോഗത്തിലുണ്ടായത്. ഇക്കാര്യത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. അതിന് മന്ത്രിസഭായോഗം അനുമതിയും നൽകി. പിന്നാലെയാണ് ,ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

സംസ്ഥാന സർക്കാരിന്റെയോ, ഹൈക്കോടതിയുടെയോ അനുമതിയോടെ മാത്രമേ, സംസ്ഥാനത്ത് നിലനിൽക്കുന്ന ഒരു കേസിൽ സി.ബി.ഐ അന്വേഷണം നടത്താനാകൂവെന്ന വ്യവസ്ഥ കാറ്റിൽ പറത്തിയതായി യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ പദ്ധതിയായ ലൈഫ് മിഷനെ അന്വേഷണത്തിൽപ്പെടുത്തിയത് നിയമപരമല്ല. .

 സംസ്ഥാന സർക്കാരിനെ കരിവാരിത്തേയ്ക്കാൻ

സംസ്ഥാന സർക്കാരിനെ രാഷ്ട്രീയമായി കരിവാരിത്തേയ്ക്കാനുള്ള ചിലരുടെ താല്പര്യങ്ങളാണ് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നിലെന്ന് മന്ത്രിസഭായോഗത്തിൽ വിമർശനമുണ്ടായി. ഇതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാൻ സി.പി.എമ്മും ഇടതുമുന്നണിയും തീരുമാനിച്ചിരുന്നു.

അതേസമയം, സി.ബി.ഐയെ സംസ്ഥാനത്ത് നിന്ന് അകറ്റി നിറുത്താനുള്ള ഓർഡിനൻസിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ല. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ ഒഴിവാക്കി പ്രത്യേകം ചേർന്ന മന്ത്രിസഭായോഗത്തിൽ ,കോടതിയെ സമീപിക്കുന്നതിൽ എ.ജിയുടെ നിയമോപദേശം തേടാനും, അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കാനും തീരുമാനിച്ചിരുന്നു.