g-sudhakaran

തിരുവനന്തപുരം: ഗസ്റ്റ്ഹൗസുകൾ ക്യാമ്പ് ഓഫീസാക്കുന്ന സി.ബി.ഐ സംഘത്തിന് ആവശ്യത്തിന് മുറികൾ അനുവദിക്കുന്നുണ്ടെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. മുറിവാടക ആഭ്യന്തരവകുപ്പാണ് നൽകുന്നത്. ആറുമാസത്തിലധികം മുറി അനുവദിക്കരുതെന്നാണ് ചട്ടം. പലയിടത്തും വർഷങ്ങളോളം സി.ബി.ഐ മുറികൾ ഉപയോഗിച്ചപ്പോൾ, ആർക്കും മുറി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടായി. പരാതി പരിശോധിച്ചപ്പോൾ സൗജന്യമായി മുറി നൽകണമെന്ന് സി.ബി.ഐ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. അവർക്ക് കത്തെഴുതിയിട്ടും മറുപടി നൽകിയില്ല.

സി.ബി.ഐക്ക് സൗജന്യ മുറിനൽകണമെന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ നോട്ട് നൽകിയിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർക്കു മാത്രമേ സൗജന്യമായി മുറി നൽകാനാവൂ. എം.പിമാർ, എം.എൽ.എമാർ, സിവിൽസർവീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ചെറിയ നിരക്കിൽ മുറി അനുവദിക്കാം. ഫയൽ മുഖ്യമന്ത്രി കണ്ടശേഷം സി.ബി.ഐയുടെ മുറിവാടക ആഭ്യന്തര വകുപ്പ് അടയ്ക്കാൻ നിർദ്ദേശിച്ചു. സി.ബി.ഐക്ക് എവിടെ മുറി ആവശ്യമുണ്ടെങ്കിലും നൽകുമെന്നും ജി. സുധാകരൻ അറിയിച്ചു.