salary

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓർഡിനൻസ് പുതുക്കിയതിനെതിരെ സർവീസ് സംഘടനകൾ രംഗത്ത്. ജീവനക്കാരുമായി ചർച്ച നടത്തിയേ തീരുമാനമെടുക്കൂവെന്ന് ധനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഓർഡിനൻസ് വീണ്ടും പുറപ്പെടുവിച്ചതോടെ ,ശമ്പളം പിടിക്കാൻ തീരുമാനിച്ചതായാണ് അവരുടെ വിലയിരുത്തൽ.

സർക്കാർ മുന്നോട്ട് വച്ച മൂന്ന് നിർദ്ദേശങ്ങളും ജീവനക്കാരുടെ സംഘടനകൾ അംഗീകരിച്ചിരുന്നില്ല. പകരം, പൊതുവായ നിർദ്ദേശങ്ങളാണ് ഭരണപക്ഷ സംഘടനകൾ നൽകിയത്. ശമ്പളം പിടിക്കുന്നതിനെ എതിർക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ചു . ഓർഡിനൻസിനെതിരെ എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർ നൂറുകണക്കിന് കേന്ദ്രങ്ങളിൽ പ്രത്യേകം സദസ്സ് നടത്തി. ഓർഡിനൻസ് പിൻവലിക്കണമെന്ന് ഗവർണറോട് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ ഓർഡിനൻസ് അംഗീകരിക്കാനാവില്ലെന്ന് എൻ.ജി.ഒ സംഘ് അറിയിച്ചു. സാലറി കട്ടിനെതിരെ 'ശമ്പളത്തിന് തൂക്കുകയർ' എന്ന മുദ്രാവാക്യമുയർത്തി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

മാസത്തിൽ മൂന്ന് ദിവസത്തെ
ശമ്പളം പിടിക്കാൻ നീക്കം

സാലറി കട്ടിന്റെ ഭാഗമായി ,മാസത്തിൽ മൂന്ന് ദിവസത്തേത് വീതം ആറു മാസത്തേക്ക് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ നീക്കം.

കഴിഞ്ഞ ഏപ്രിൽ മുതൽ അഞ്ച് മാസത്തേക്കാണ് നേരത്തേ പ്രതിമാസം ആറ് ദിവസം വീതം ശമ്പളം പിടിച്ചത്. പിടിച്ച ശമ്പളം ആറ് മാസത്തിനകം തിരിച്ചുകൊടുക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഉടൻ പിടിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നിർദ്ദേശിച്ചിരുന്നു.

സെപ്തംബറിലെ ശമ്പളം മുടങ്ങില്ലെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും, ശമ്പള വിതരണത്തിനുള്ള സ്പാർക്ക് സോഫ്റ്റ് വെയറിൽ പ്രശ്നമുണ്ടെന്നാണറിയുന്നത്. ആദ്യ ദിവസത്തെ ശമ്പളത്തിനുള്ള ബില്ലുകൾ ഇന്നലെ മാറി നൽകിയെങ്കിലും, സാധാരണ വരുന്നത്ര ബില്ലുകൾ വന്നില്ലെന്ന് ചില ട്രഷറി ഓഫീസർമാർ അറിയിച്ചു. ഇന്നാണ് ആദ്യത്തെ ശമ്പള ദിനം.