saji
സജിയും കുടുംബവും

കൊച്ചി: ഫെഡറേഷൻ ഒഫ് മലയാളി അസോസിയേഷൻസ് ഒഫ് അമേരിക്ക (ഫോമ) സംഘടിപ്പിച്ച നാടകമേളയിൽ മികച്ച നാടകമായി വൈക്കം സ്വദേശി സജി സെബാസ്റ്റ്യനും കുടുംബവും അവതരിപ്പിച്ച മൂന്നാംകണ്ണ് തിരഞ്ഞെടുത്തു. കൊവിഡ്, മനുഷ്യൻ, ജീവിതശൈലി, ആരോഗ്യം, ആയുസ് തുടങ്ങി അന്തർദേശീയ മാനങ്ങളുള്ള വിഷയങ്ങളാണ് ആവിഷ്കരിച്ചത്.

നാടകത്തിന്റെ രചന, സംവിധാനം, രംഗസംവിധാനം, പ്രകാശസംവിധാനം, വേഷം, ചമയം, നിർമ്മാണം എന്നിവ നിർവഹിച്ചതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സജി സെബാസ്റ്റ്യനാണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സജിയുടെ ഭാര്യ രാഖി, മക്കളായ ഇവാൻ, സാഗർ, തേജ് എന്നിവരാണ്.

അമേരിക്കയിലെ മറ്റൊരു നാടകസംഘത്തിൽ സജി വേഷമിട്ട "നാട്ടുവർത്തമാനം" എന്ന നാടകത്തിന് രണ്ടാം സമ്മാനവും ലഭിച്ചു. ജൂറിയുടെ പ്രത്യേകഅവാർഡും സജിക്ക് ലഭിച്ചു. മൂന്നാംകണ്ണിലെ അഭിനയത്തിന് സജിയുടെ മകൻ തേജിന് മികച്ച ബാലനടനുള്ള അവാർഡും ലഭിച്ചു. തമ്പി ആന്റണി, ജോയ് മാത്യു, ഹരീഷ് പേരടി, ജയൻ തിരുമന എന്നിവരായിരുന്നു വിധികർത്താക്കൾ.

ഇന്റീരിയർ ഡിസൈറായ സജി കുടുംബത്തോടൊപ്പം അമേരിക്കയിലാണ്. എറണാകുളത്തെ നാടകക്കളരിയിലും വൈക്കം തിരുനാൾ സ്ഥിരം നാടകവേദിയിലും കുട്ടികളുടെ നാടകവേദിയിലും പ്രവർത്തിച്ചിട്ടുണ്ട്. വൈക്കത്തെ കളത്തിപ്പറമ്പിൽ കുടുംബാംഗമാണ് സജി.