തിരുവനന്തപുരം:ലൈഫ് കോഴക്കേസിൽ സി.ബി.ഐയുടെ എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം, വിജിലൻസിനെക്കൊണ്ട് അഴിമതിക്കേസെടുപ്പിച്ചും സി.ബി.ഐയ്ക്കെതിരെ പോർമുഖം തുറക്കുകയാണ് സർക്കാർ.
വിദേശസഹായ നിയന്ത്രണചട്ടം(എഫ്.സി.ആർ.എ) ലംഘിച്ചതിനാണ് നിലവിൽ സി.ബി.ഐ കേസ്. ലൈഫ് കരാറിൽ അഴിമതി കണ്ടെത്തിയതിനാൽ അഴിമതിനിരോധന നിയമം കൂടി ചുമത്താൻ സി.ബി.ഐ നിയമോപദേശം തേടിയതിനു പിന്നാലെയാണ് ,തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിജിലൻസ് എസ്.ഐ.യു-1 എസ്.പി കെ.ഇ.ബൈജു എഫ്.ഐ.ആർ നൽകിയത്. പദ്ധതിയിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും നിർമ്മാണ കമ്പനികളുടെയും അഴിമതി അന്വേഷിക്കാനാണിത്. നിലവിൽ ആരെയും പ്രതിയാക്കിയിട്ടില്ലെങ്കിലും, കമ്പനിയുടമകളടക്കം പ്രതിയാവുമെന്ന് വിജിലൻസ് പറയുന്നു. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ടോയെന്നും അന്വേഷിക്കും. അഴിമതി നിരോധനനിയമത്തിലെ 17(എ)ചട്ടപ്രകാരമാണ് കേസെടുക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്.വിദേശ സഹായനിയന്ത്രണ ചട്ടത്തിന്റെ ഭാഗമായുള്ള അഴിമതി അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് അധികാരമുള്ളതിനാൽ, വിജിലൻസിന്റെ എഫ്.ഐ.ആർ നിലനിൽക്കാനിടയില്ല.
സി.ബി.ഐ അഴിമതിക്കുറ്റം ചുമത്തിയാൽ, റെഡ്ക്രസന്റുമായി കരാറൊപ്പിട്ട ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസടക്കം ഏതാനും ഐ.എ.എസുകാർ പ്രതികളാവാനിടയുണ്ട്. ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ്ചെയർമാനായ തദ്ദേശമന്ത്രി, കോഴയിടപാട് വെളിപ്പെടുത്തിയ രണ്ട് മന്ത്രിമാർ എന്നിവരും അന്വേഷണപരിധിയിൽ വരും. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തിടുക്കത്തിലുള്ള നടപടികൾ.
വിജിലൻസിന് അധികാരമില്ല
വിദേശ സഹായത്തെക്കുറിച്ചും അതിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കാൻ വിജിലൻസിന് അധികാരമില്ല. ഒരു കോടിക്ക് താഴെയുള്ള വിദേശസഹായത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിലെ എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് അന്വേഷിക്കാം. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കായി യു.എ.ഇ റെഡ്ക്രസന്റ് നൽകിയത് ഒരു കോടി യു.എ.ഇ ദിർഹമാണ് (20.37കോടി രൂപ).
കുരുക്കുകൾ
കേന്ദ്രാനുമതി തേടാതെ കരാറുണ്ടാക്കിയ ശേഷം, ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് പദ്ധതി അംഗീകരിച്ചത്.
എഫ്.സി.ആർ.എ ചട്ടത്തിലെ സെക്ഷൻ 3(1)(ബി) പ്രകാരം ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ വിദേശസഹായം സ്വീകരിക്കാൻ പാടില്ല.
സർക്കാരിന് പണം സ്വീകരിക്കണമെങ്കിലും കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണം.
സംസ്ഥാന സർക്കാരിന്റെ പേരുപയോഗിച്ചാണ് വിദേശ സഹായംസ്വീകരിച്ചത്. കരാറുകാരന് പണം നൽകിയതല്ല, സർക്കാരുമായുള്ള ധാരണാപത്രമാണ് യഥാർത്ഥ ഇടപാടെന്ന് സി.ബി.ഐ.
വിജിലൻസ് കേസ് ആരെയും പ്രതിചേർക്കാതെ
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്തു. ആരെയും പ്രതിചേർത്തിട്ടില്ല. വിജിലൻസിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷ്യൽ യൂണിറ്റ് ഒന്നാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപിച്ചു. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാർ, യൂണിടാക് കമ്പനി എങ്ങനെ കരാറിന്റെ ഭാഗമായി, കമ്മിഷനായി എത്ര രൂപ നൽകി, കരാറിൽ സ്വർണക്കടത്തു കേസിലെ പ്രതികളുടെ പങ്ക് തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.