തിരുവനന്തപുരം : പേട്ട - ആനയറ - വെൺപാലവട്ടം റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള 63.48 കോടി രൂപയുടെ കിഫ്‌ബി പദ്ധതിയുടെ ഭാഗമായി സ്വീവേജും ശുദ്ധജല സംവിധാനങ്ങളും ക്രമീകരിക്കാനായി 10.11 കോടി രൂപ കൂടി ഇന്നലെ മന്ത്രിസഭായോഗം അനുവദിച്ചു. ഇതോടെ കുടിവെള്ളം, സ്വീവേജ്, ഇലക്ട്രിക് ലൈൻ പദ്ധതികളെല്ലാം ഒരുമിച്ച് നിർവഹിക്കുന്ന ആദ്യറോഡായി ഇതു മാറും. സാധാരണയായി റോഡ് നവീകരണം പൂർത്തിയായ ശേഷമാണ് സ്വീവേജും ശുദ്ധജല സംവിധാനങ്ങളുടെ നിർമ്മാണത്തിനുമായി ഫണ്ട് അനുവദിക്കാറുള്ളത്. തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടാനുള്ള ഫണ്ടും പിന്നീടാണ് അനുവദിക്കുക. അതിനാൽ നിർമാണം നടന്ന റോഡ് കുത്തിപ്പൊളിക്കാൻ തുടങ്ങും. പതിനഞ്ച് വർഷം ഗ്യാരന്റിയിൽ നിർമ്മിക്കുന്ന റോഡ് പെട്ടെന്ന് തകർന്നുതരിപ്പണമാകുമെന്ന ആക്ഷേപം ഉണ്ടാകാൻ കാരണവുമിതാണ്. ഈ പോരായ്‌മ പരിഹരിക്കാനാണ് റോഡ് നവീകരണം നടക്കുമ്പോൾ തന്നെ ഇത്തരം പദ്ധതികളെല്ലാം ഒരുമിച്ച് പൂർത്തിയാക്കാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തോടെ മുടങ്ങിപ്പോയ സ്ഥലമെടുപ്പ് നടപടികൾ നവംബറിൽ പൂർത്തീകരിച്ച് ഡിസംബറിൽ ടെൻഡർ നടപടികൾ ആരംഭിക്കും.
കുരുക്ക് ഒഴിവാക്കും
-------------------------------
പേട്ട – ആനയറ – വെൺപാലവട്ടം ജംഗ്ഷൻ വരെയുള്ള 3 കിലോമീറ്റർ ദൂരം 14 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. വെൺപാലവട്ടം മുതൽ ഒരുവാതിൽകോട്ട ബൈപാസ് വരെയുള്ള രണ്ടാംഘട്ട റോഡിന് 12 മീറ്റർ വീതിയുമുണ്ടാകും. ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കാനും അപകട സാദ്ധ്യത കുറയ്ക്കാനും ഉന്നത നിലവാരത്തിൽ നിർമ്മിച്ച് വീതി കൂട്ടുന്ന റോഡ് വഴി സാധിക്കും. സ്ഥലമെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലാണ്. ദേശീയപാതയിൽ നിന്നും നഗരത്തിലേക്കും മെഡിക്കൽ കോളേജ് ആശുപത്രി, കിംസ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുമുള്ള എളുപ്പവഴികളിൽ ഒന്നായാണ് ഈ റോഡ് നിലവിൽ വരുന്നത്. ഇരുചക്ര വാഹനങ്ങൾ മാത്രം കടന്നുപോകുന്ന ഒരുവാതിൽക്കോട്ട ക്ഷേത്രത്തിൽ നിന്നും ദേശീയ പാതയിലേക്കുള്ള നിലവിൽ 2 മീറ്റർ മാത്രം വീതിയുള്ള റോഡിനെ 12 മീറ്ററായി വികസിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. അനുവദിച്ച 64.20 കോടി രൂപയിൽ 43.28 കോടിയും ഏറ്റെടുക്കുന്ന വസ്തുക്കളുടെ വില നൽകാനാണ് അനുവദിച്ചത്. എന്നാൽ ഭൂമിയുടെ ഉയർന്ന വിലനിലവാരം കാരണം ഇനിയും 100.68 കോടി രൂപകൂടി ലഭിച്ചാൽ മാത്രമേ പൂർണമായും ഭൂമി ഏറ്റെടുക്കാൻ കഴിയൂ. ഇതിനായി വീണ്ടും പ്രൊപ്പോസൽ സമർപ്പിച്ചിരിക്കുകയാണ്.
570 ഭൂഉടമകൾ ഏകദേശം 1.837 ഹെക്ടർ ഭൂമി