വർക്കല: മിലിട്ടറി എൻജിനിയറിംഗ് സർവീസിലെ കോൺട്രാക്ടർ ശ്രീകുമാറിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്‌തു. പേയാട് കുണ്ടമൺകടവ് ആഞ്ജനേയത്തിൽ നിന്നും വട്ടിയൂർക്കാവ് വില്ലേജിൽ തിട്ടമംഗലം പുലരി റോഡിനു സമീപം കൂൾഹോമിൽ വാടകയ്ക്ക് താമസിക്കുന്ന അശോക് കുമാറിനെയാണ് (60) ഇന്നലെ പിടികൂടിയത്. ശ്രീകുമാറിന്റെ സുഹൃത്തും സബ് കോൺട്രാക്ടറുമാണ് ഇയാൾ. സെപ്‌തംബർ 15ന് പുലർച്ചെയാണ് വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (50), മകൾ അനന്തലക്ഷ്മി (26) എന്നിവരെ വീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഭീമമായ കടബാദ്ധ്യതയും ബാങ്കിന്റെ ജപ്‌തിഭീഷണിയും സുഹൃത്തിന്റെ ചതിയുമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 2014ൽ ശ്രീകുമാർ ഏറ്റെടുത്ത ശംഖുംമുഖം എയർഫോഴ്സ് ക്വാർട്ടേഴ്സിന്റെ 10 കോടിയുടെ കരാർ ജോലി അശോക് കുമാർ സബ് കോൺട്രാക്ടായി ഏറ്റെടുത്തു. രണ്ടരക്കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി ജോലി തുടങ്ങാനായി ശ്രീകുമാർ അശോക് കുമാറിന് നൽകി. ഇതിനുപുറമെ ഡോക്യുമെന്റ് സെക്യൂരിറ്റിക്കായി 50 ലക്ഷം രൂപയും നൽകി. എന്നാൽ അശോക് കുമാർ ജോലി തുടങ്ങുകയോ തുക മടക്കി നൽകുകയോ ചെയ്‌തില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ഭീമമായ കടക്കെണിയിലായ ശ്രീകുമാറിന്റെ വീടും വസ്‌തുക്കളും ജപ്‌തി നടപടിയിലേക്ക് നീങ്ങുകയും ചെയ്‌തു. ശ്രീകുമാറിന്റെയും അശോക് കുമാറിന്റെയും കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സൂക്ഷ്‌മമായി പരിശോധിച്ചു. മിലിട്ടറി എൻജിനിയറിംഗ് സർവീസിലെ ഉദ്യോഗസ്ഥരിൽ നിന്നു ശേഖരിച്ച വിവരത്തിന്റെയും ആത്മഹത്യാക്കുറിപ്പിലെ പരാമർശത്തിന്റെയും അടിസ്ഥാനത്തിലാണ് അശോക് കുമാറിനെ പൊലീസ് പിടികൂടിയത്. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ പി. അജിത്ത് കുമാർ, ഗ്രേഡ് എസ്.ഐ സുനിൽകുമാർ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.