medical

തിരുവനന്തപുരം:ഇ.എസ്‌.ഐ മെഡിക്കൽ കോളേജുകളിലും, ഡെന്റൽ കോളേജുകളിലും ഇ.എസ്‌.ഐ അംഗങ്ങളുടെ മക്കൾക്ക് നൽകി വന്ന സംവരണം ഇ.എസ്.ഐ കോർപ്പറേഷൻ റദ്ദാക്കി. കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനത്തിനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്.

ഇ.എസ്‌.ഐ ക്വാട്ടയ്ക്ക് പകരം അഖിലേന്ത്യാ ക്വാട്ടയനുസരിച്ച് അലോട്ട്‌മെന്റ് നടത്തുമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ അറിയിച്ചിരിക്കുന്നത്.കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ 35 ശതമാനം സീറ്റുകളാണ് സംസ്ഥാന സർക്കാർ ഇ.എസ്‌.ഐ അംഗങ്ങളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ളത്. കശുഅണ്ടി തൊഴിലാളികളുടെ മക്കൾക്കാണ് ഇവിടെ പ്രവേശനം ലഭിച്ചിരുന്നത്.

സംവരണം റദ്ദാക്കാൻ ഒരറിയിപ്പുമില്ലാതെ അതീവ രഹസ്യമായാണ് ഇ.എസ്.ഐ കോർപ്പറേഷൻ തീരുമാനമെടുത്തത് ..തിങ്കളാഴ്ചയാണ് ഇത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.കഴിഞ്ഞ ആഗസ്റ്റ് 20ന് നടന്ന കോർപ്പറേഷൻ ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല

'മെഡിക്കൽ പ്രവേശനം നിലവിലെ സംവരണം പാലിച്ചു തന്നെ നടത്തണം.ഇതിനായി ഇ.എസ്‌.ഐ ആക്ടിലും സാമൂഹ്യ സുരക്ഷാ കോഡിലും ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണം. തൊഴിലാളികളുടെ കുട്ടികൾക്ക് മെഡിക്കൽ പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടാതിരിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാറിന് കത്തയച്ചു''.

- ടി.പി. രാമകൃഷ്ണൻ, തൊഴിൽ മന്ത്രി