കൊല്ലം: കൗമാരക്കാരിയായ മകളെ അഞ്ചുവർഷം പീഡിപ്പിച്ച പിതാവിനെ പത്തുവർഷം കഠിനതടവിന് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചു.അരലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലങ്കിൽ മൂന്നുമാസം കൂടി ശിക്ഷ അനുഭവിക്കണം.പഠനത്തിൽ ശ്രദ്ധിക്കാതെ ക്ലാസിലിരുന്ന കുട്ടിയെ ക്ലാസ് ടീച്ചർ ഇടപെട്ട് കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ വിവരം കുന്നിക്കോട് പൊലീസിനെ അറിയിച്ചു. കൊട്ടാരക്കര വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. പത്തനാപുരം സി.ഐ എം.അൻവറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
സ്ഥിരം മദ്യപാനിയായ പ്രതി വീട്ടിലെ എല്ലാവരെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. മദ്യപിച്ച് ഉപദ്രവിക്കുന്നതിനാലാണ് കുട്ടി അച്ഛനെ ഭയക്കുന്നതെന്ന ധാരണയിലായിരുന്നു ബന്ധുക്കളും അയൽക്കാരും.
പിഴത്തുക മുഴുവനായും കുട്ടിക്ക് നൽകാൻ കോടതി നിർദേശിച്ചു. അധികമായ നഷ്ടപരിഹാരം കുട്ടിക്ക് ആവശ്യമെങ്കിൽ അത് അനുവദിക്കാനും കോടതി ഉത്തരവിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. സുഹോത്രൻ ഹാജരായി.