തിരുവനന്തപുരം: മുൻഗണനാ കാർഡുകാർക്കു നൽകാനായി കേന്ദ്ര സർക്കാർ അനുവദിച്ച അരിയും കടലയും ചില റേഷൻ കട ഉടമകളും ഇടനിലക്കാരും ചേർന്ന് കരിഞ്ചന്തയിലേക്ക് കടത്തുന്നു. ഇതു സംബന്ധിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് വിജിൻലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാതെ സൂക്ഷിച്ചിരുന്ന 50 കിലോ കടലയും അരിയും ഗോതമ്പും ഉൾപ്പെടെ 450 കിലോ ഭക്ഷ്യധാന്യങ്ങൾ വള്ളക്കടവിലെ കടയിൽ നിന്നു പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസർ ജലജാ എസ്.റാണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.ആർ.ഡി നമ്പർ 177 എന്ന റേഷൻകട സസ്പെൻഡു ചെയ്തു. സംസ്ഥാന വ്യാപകമായി പരിശോധനകൾ നടക്കുകയാണ്.
കാർഡിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം അരിയും കാർഡ് ഒന്നിന് ഒരു കിലോഗ്രാം കടലയുമാണ് മഞ്ഞ, പിങ്ക് കാർഡുകാർക്കായി കേന്ദ്രം അനുവദിച്ചത്. ലോക്ക് ഡൗൺ സൗജന്യം നവംബർവരെ തുടരും. ഇതിലാണ് വെട്ടിപ്പ് നടക്കുന്നത്. നേരത്തെ ഗോഡൗൺ കേന്ദ്രീകരിച്ച് ഭക്ഷ്യധാന്യ തട്ടിപ്പ് നടന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ചപ്പോൾ കേന്ദ്രസർക്കാർ നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് കേന്ദ്രഭക്ഷ്യവകുപ്പ് എഫ്.സി.ഐയോട് നിർദ്ദേശിച്ചിരുന്നു.
ഉപഭോക്താക്കൾ റേഷൻ വാങ്ങിയെന്നും കടല ആവശ്യമില്ലെന്നു പറഞ്ഞു തിരിച്ചേൽപ്പിച്ചെന്നുമാണു കട ഉടമ അറിയിച്ചത്. അധികമായി കണ്ടെത്തിയ അരി എങ്ങനെവന്നുവെന്ന് വ്യക്തമല്ല.
ഓണാവധിയിൽപ്പോലും റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു. അന്ന് 512 കടക്കാർ നടത്തിയ തട്ടിപ്പാണ് പുറത്തായത്.
''അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുപറയാറായിട്ടില്ല'
- ഹരിത വി.കുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ