sadya

കിളിമാനൂർ: കൊവിഡ് കാരണം വിവാഹങ്ങൾ മാറ്റിവച്ചതോടെ നഷ്ടത്തിലായ ഓഡിറ്റോറിയം - കാറ്ററിംഗ് മേഖലകൾ അതിജീവനത്തിന്റെ പ്രതീക്ഷയിലായിരുന്നു. എന്നാൽ കൊവിഡ് പിടിവിട്ടതിനെ തുടർന്ന് നിയന്ത്രണങ്ങൾ തിരിച്ചുവന്നത് ഇവർക്ക് വീണ്ടും ഇരുട്ടടിയായി. ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ കല്യാണങ്ങളിൽ വീണ്ടും തിരക്കൊഴിയും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം ആഡിറ്റോറിയം ഉടമകൾ, കാറ്ററിംഗ് തൊഴിലാളികൾ, ഡെക്കറേഷൻ,ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയിലുള്ളവർ, വാദ്യോപകരണം, പൂക്കച്ചവടം എന്നീ മേഖലകളിലുള്ളവരും സാമ്പത്തികമായി തകർന്നു. ജോലി കുറഞ്ഞതോടെ കാറ്ററിംഗ് ജോലി ചെയ്‌തിരുന്ന ഭൂരിഭാഗം പേരും മറ്റ് തൊഴിലിടങ്ങളിലേക്ക് മാറി. ആയിരംപേരുടെ സദ്യ തയാറാക്കുമ്പോൾ ചുരുങ്ങിയത് 40 പേർക്കാണ് കാറ്ററിംഗുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുന്നത്. പാചകക്കാർ മുതൽ വിളമ്പുകാർ വരെയുള്ള വിഭാഗത്തിന് പ്രതിദിനം 400 മുതൽ 600 രൂപ വരെ ലഭിക്കുമായിരുന്നു. ആൾക്കാരെ ചുരുക്കുന്നതോടെ കാറ്ററിംഗ് ജോലിക്കാരുടെ എണ്ണവും 10 മുതൽ 15 വരെയായി ചുരുങ്ങും.